ദില്ലി: 2019ലെ ഏറ്റവും വലിയ നുണയനാരാണെന്ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന അധിക്ഷേപവുമായി ബിജെപി. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദരിദ്രജനവിഭാഗങ്ങളുടെ മേല്‍ ചുമത്തിയ നികുതിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി രം​ഗത്തെത്തിയത്. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു.

''ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ യാതൊരു വിധത്തിലുള്ള പണമിടപാടും നടത്തുന്നില്ല. ഈ ഡേറ്റ ഉപയോ​ഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ദരിദ്രജനവിഭാഗങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. അതുവഴി ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.'' പ്രകാശ് ജാവഡേക്കര്‍ പറയുന്നു. 2010ലും സമാനമായ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് എപ്പോഴും കള്ളങ്ങളാണ് രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ അദ്ദേഹം പ്രസിഡന്റല്ല, എങ്കിലും ഇപ്പോഴും നുണ പറയുന്ന രീതി തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയന്‍ ആരാണെന്നുളള തെരഞ്ഞെടുപ്പ് നടന്നാല്‍ തീർച്ചയായും അദ്ദേഹത്തെയായിരിക്കും തെരഞ്ഞെടുക്കുക. സ്വന്തം കുടുംബത്തെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് രാഹുൽ ​ഗാന്ധി കള്ളം പറയുന്നത്. ഇപ്പോൾ സ്വന്തം പാർട്ടിയെയും രാജ്യത്തെ തന്നെയും നാണിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.'' ജാവഡേക്കർ കുറ്റപ്പെടുത്തി. 

രാജ്യത്തെ സമ്പദ് വ്യവസ്ഥ, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ഉത്തരം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ബിജെപി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്ന് കോൺ​ഗ്രസ് പ്രതികരിച്ചു. ''എപ്പോഴും ​ഗൗരവമായ ചോദ്യങ്ങളാണ് രാഹുൽ ​ഗാന്ധി ചോദിക്കാറുള്ളത്. ജനങ്ങൾക്ക് ഉത്തരം ആവശ്യമുള്ള ചോദ്യങ്ങളാണത്. അവരുടെ പരാജയങ്ങൾ മറച്ചുവയ്ക്കാൻ വേണ്ടി  ചോദ്യങ്ങൾക്കൊന്നും അവർ ഉത്തരം നൽകാറില്ല. വ്യക്തിപരമായ അധിക്ഷേപത്തിലൂടെയാണ് അവർ മറുപടി പറയുന്നത്.'' കോൺ​ഗ്രസ് വക്താവ് പവൻ ഖേര മാധ്യമപ്രവർത്തകരോട്  പറഞ്ഞു.