
ദില്ലി: ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമണം കൂടുതല്‍ അപമാനമുണ്ടാക്കുന്നതാണെന്നും ഉദിത് രാജ് പറഞ്ഞു.
"രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നത്. ദില്ലി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ തീയിട്ടു. പൊലീസും ആര്‍എസ്എസും ബിജെപിയും ആണ് മൗജ്പൂര്‍, ജാഫറാബാദ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമണത്തിന് പിന്നിൽ," ഉദിത് രാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറാണ് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദിലും മൗജ്പൂരിലും സംഘര്‍ഷത്തില്‍ കലാശിച്ചത്. ദില്ലി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കം പത്തുപേരാണ് മരിച്ചത്.
അതേസമയം, അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam