
ദില്ലി: മഹാരാഷ്ട്രയിൽ നടക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ കള്ളക്കളിയാണെന്ന് കോൺഗ്രസ്. ബി ജെ പി വിരുദ്ധ സർക്കാരുകളെ അട്ടിമറിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും ജയറാം രമേശും ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അവർ വിമർശിച്ചു. മഹാരാഷ്ട്ര സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ മഹാ വികാസ് അഖാഡി സഖ്യം ഒരുമിച്ച് നിന്ന് പോരാടും. ബിജെപിയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്ഥിരതയുള്ള സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ശിവസേന അഘാഡി വിടുമെന്ന സഞ്ജയ് റാവത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് നേതാക്കൾ അറിയിച്ചു. എല്ലാത്തരം ചർച്ചകൾക്കും പാർട്ടി നേതൃത്വം തയ്യാറെന്നാണ് അദ്ദേഹം ശിവസേന എം എൽ എ മാരെ അറിയിച്ചത്. എംഎൽഎമാരുമായി ചർച്ച ചെയ്ത് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തണം എന്നാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടതെന്നും ഖാർഗെ പറഞ്ഞു.
അതിനിടെ മുന്നണി വിടുന്നത് പരിഗണിക്കാമെന്ന് സഞ്ജയ് റാവത്ത് വിമത എംഎൽഎമാരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. മുന്നണി മാറ്റം ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി ചർച്ച നടത്തണം. വിമതർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്ന് റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് രണ്ട് എംഎൽഎമാർ പുറത്തിറങ്ങി. ഇവരിലൊരാൾ ശിവസേന എംഎൽഎയും മറ്റൊരാൾ സ്വതന്ത്ര എംഎൽഎയുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam