'പരിഗണിക്കാം, പക്ഷേ 24 മണിക്കൂറിനുള്ളിൽ വിമതർ മടങ്ങിയെത്തണം'; അവസാന അടവുമായി ശിവസേന

Published : Jun 23, 2022, 03:51 PM ISTUpdated : Jun 23, 2022, 04:43 PM IST
'പരിഗണിക്കാം, പക്ഷേ 24 മണിക്കൂറിനുള്ളിൽ വിമതർ മടങ്ങിയെത്തണം'; അവസാന അടവുമായി ശിവസേന

Synopsis

എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

മുംബൈ : മഹാരാഷ്ട്രയിൽ വിമത നീക്കവും രാഷ്ട്രീയ നാടകവും അവസാനത്തോട് അടുക്കുന്നു. വഴികളെല്ലാം അടഞ്ഞതോടെ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിയിലേക്ക് നീങ്ങുകയാണ്. അതിന് മുന്നോടിയായി അവസാന അടവ് പുറത്തെടുക്കുകയാണ് ശിവസേന. അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. ആവശ്യങ്ങളുന്നയിക്കേണ്ടത് ഗുവാഹത്തിയിൽ നിന്നല്ല. വിമത എംഎൽഎമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. സഞ്ജയ് റാവത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രണ്ട് എംഎൽഎമാർ ഹോട്ടൽ വിട്ട് പുറത്തേക്ക് പോയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇരട്ടി പ്രഹരമാണുണ്ടാകാൻ പോകുന്നത്. മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാര്‍ട്ടിയും വിമതര്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് ശിവസേന തലവൻ. 38 എംഎൽഎമാര്‍ ഒപ്പം ചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഏകനാഥ് ഷിന്‍ഡേയും കൂട്ടരും നീക്കം തുടങ്ങി. ആകെ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിൻഡേ വീഡിയോ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ വസതിയിൽ ഉദ്ധവ് വിളിച്ച യോഗത്തിൽ 13 എംഎൽഎമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഉദ്ധവിന്‍റെ രാജിയിലേയ്ക്കാണ് പ്രതിസന്ധി നീങ്ങുന്നതെന്ന് വ്യക്തം. സർക്കാർ താഴെ വീഴാനുള്ള സാധ്യത പാര്‍ട്ടി യോഗത്തിൽ ശരദ് പവാര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതനുസരിച്ച് നീങ്ങാനാണ് പവാര്‍ പാര്‍ട്ടി എംഎൽഎമാര്‍ക്ക് നൽകിയ നിര്‍ദ്ദേശം. അതേ സമയം അവസാനം വരെ ഉദ്ധവ് താക്കറെക്കൊപ്പം നിൽക്കുമെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ വ്യക്തമാക്കി. സഖ്യം ഉണ്ടാക്കിയത് മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

കണക്കിലെ കളിയിൽ ഷിൻഡെയ്ക്ക് ജയം! 55-ൽ 40 എംഎൽഎമാരും ഒപ്പം, ഉദ്ധവ് ക്യാമ്പിൽ നിരാശ
വാഗ്ദാനങ്ങൾക്ക് മുന്നിൽ വീഴില്ലെന്ന് ഷിൻഡെ

മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്ന് ഷിൻഡെ പക്ഷം പറയുന്നു. എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ. ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും. അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിൻഡെ അംഗീകരിച്ചില്ല. ശിവസേന പ്രവർത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേർന്ന് അധികാരത്തിൽ എത്താനാണ് ഷിൻഡെയുടെ നീക്കം. 

ഉദ്ധവ് താക്കറെ രാജിയിലേക്ക്, മുഖ്യമന്ത്രിപദവി വേണ്ടെന്ന് ഷിൻഡെ, ബിജെപി ഫോർമുല ഇങ്ങനെ


 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ