Padma Awards : ഗുലാം നബി ആസാദ് പദ്മാ പുരസ്ക്കാരം സ്വീകരിച്ചതിൽ കോൺഗ്രസിൽ അതൃപ്തി

By Web TeamFirst Published Jan 26, 2022, 10:47 AM IST
Highlights

പദ്മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത് കശ്മീർ പുന:സംഘടനക്കെതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കൾ പ്രതികരിക്കുന്നു. 

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്  (Ghulam Nabi Azad) പദ്മ പുരസ്കാരം  (Padma Award) സ്വീകരിച്ചതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സിപിഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ  ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തുന്ന നിലപാട്. ബിജെപി സർക്കാർ നൽകിയ പദ്മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത് കശ്മീർ പുന:സംഘടനക്കെതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കൾ പ്രതികരിക്കുന്നു. 

ഗുലാംനബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മപുരസ്കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. 'He wants to be Azad not Ghulam'എന്നതായിരുന്നു ട്വീറ്റ്. 

Right thing to do. He wants to be Azad not Ghulam. https://t.co/iMWF00S9Ib

— Jairam Ramesh (@Jairam_Ramesh)

 

പ്രതിപക്ഷ നിരയിലെ പ്രധാനികളായ ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പദ്മഭൂഷന്‍ പുരസ്ക്കാരമാണ് ലഭിച്ചത്. പുരസ്ക്കാരപ്രഖ്യാപനത്തിന് പിന്നാലെ പദ്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് ഭട്ടാചാര്യ അറിയിച്ചു. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന സം​ഗീതജ്ഞ സന്ധ്യ മുഖോപാധ്യായയും പദ്മശ്രീ പുരസ്കാരം നിരസിച്ചിട്ടുണ്ട്. 

click me!