
ഭോപ്പാൽ (മധ്യപ്രദേശ്): വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. പൂതനയുടെ വേഷം ധരിച്ച് എത്തിയ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുട്ടികളോടുള്ള അവസ്ഥ വിവരിക്കുന്ന പോസ്റ്ററുകളും പാവകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സംസ്ഥാനം എങ്ങനെയാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ഇവർ സർക്കാറിനോട് ചോദിച്ചു.
കുട്ടികൾ കടലാസിൽ ഭക്ഷണം കഴിക്കുമ്പോൾ അധികാരികൾ വെള്ളി പാത്രങ്ങളിൽ നിന്ന് കഴിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. ഭക്തിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നുണ്ടെങ്കിലും കുട്ടികളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗർ പറഞ്ഞു. ആശുപത്രികളുടെ അവസ്ഥ വളരെ മോശമാണ്, എലികൾ കുട്ടികളെ കടിക്കുന്ന അവസ്ഥയാണ്. ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഫ് സിറപ്പ് മൂലം ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ച സംസ്ഥാനം മധ്യപ്രദേശാണെന്നും ഈ ഗുരുതരമായ വിഷയത്തിൽ ചർച്ച നടത്തുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
പൂതനയുടെ വേഷം ധരിച്ച് എത്തിയ എംഎൽഎ, ചുമ സിറപ്പ് കുപ്പികൾ കൊണ്ട് നിർമ്മിച്ച മാലയും ധരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി അറിയിച്ചു. വിഷബാധയേറ്റ ചുമ സിറപ്പ് നിർമ്മിച്ചവരെ ജയിലിലടച്ചിട്ടുണ്ടെന്നും ശിക്ഷിക്കുമെന്നും ഖത്തേഗാവിൽ നിന്നുള്ള ബിജെപി എംഎൽഎ ആശിഷ് ശർമ്മ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കോൺഗ്രസ് രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.