
മുംബൈ:ഗുജറാത്തിൽ (gujrat)പട്ടേൽ സമുദായ നേതാവ് നരേഷ് പട്ടേലിനെ (naresh patel)പാർട്ടിയിലെത്തിക്കാനുള്ള നീക്കം കോൺഗ്രസ്(congress) സജീവമാക്കി.ഗുജറാത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് രഘു ശർമ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി.രാജ് കോട്ടിലെ നരേഷിന്‍റെ ഫാം ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂറും,പട്ടേൽ സമുദായക്കാരായ എംഎൽഎമാരും ഒപ്പമുണ്ടായിരുന്നു.
ഗുജറാത്തിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ആയിരുന്ന ഹാർദിക് പട്ടേൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടിരുന്നു. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ദേശീയ നേതൃത്വത്തെ വരെ വിമർശിച്ച ശേഷമാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്. ഇപ്പോഴും വിമർശനം തുടരുന്നുമുണ്ട്. ഇതിനിടയിലാണ് നരേഷ് പട്ടേലിനെ പാളയത്തിലെത്തിക്കാനുളള കോൺഗ്രസ് നീക്കം.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു
കുറച്ചുദിവസമായി ഹാർദിക് പരാതിപ്പെട്ടി തുറന്നതുവെച്ചിട്ട്. വർക്കിങ് പ്രസിഡന്‍റ് എന്ന് പറഞ്ഞതല്ലാതെ ചുമതലകളൊന്നും നൽകിയില്ല. 75 ജനറൽ സെക്രട്ടറിമാരെ നിയമിച്ചപ്പോൾ ഒന്ന് കൂടിയാലോചിക്കുക കൂടി ചെയ്തില്ല, നാടിന്‍റെയും നാട്ടാരുടേയും പൾസ് അറിയുന്ന എന്നെ കൂടി ഒരു വാർത്താസമ്മേളനം പോലും മര്യാദക്ക് നടത്തിയില്ല എന്നൊക്കെ ഹാർദിക് പരാതി പറയാൻ തുടങ്ങിയിട്ട് കുറച്ചായി. വന്ധ്യംകരിക്കപ്പെട്ട നവവരന്‍റെ അവസ്ഥ എന്നാണ് ഹാർദിക് സ്വയം വിലയിരുത്തിയത്. ആ സമയത്ത് തന്നെ ഹാർദിന്‍റെ കാറ്റുവീഴ്ച എങ്ങോട്ടാണെന്ന് രാഷ്ട്രീയനിരീക്ഷകർക്ക് മനസ്സിലായിരുന്നു. പരിഭവം തുടരുന്നതിനിടെ ദഹൂദിലെ ആദിവാസി മേഖലയിൽ നടന്ന റാലിയിൽ രാഹുലിനൊപ്പം പങ്കെടുത്തപ്പോൾ ഒരു ചെറിയ സംശയംവന്നു. ഇനിയിപ്പോൾ എല്ലാം ശരിയായോ എന്ന്. ഇല്ലെന്നും ഹാർദിക്കിന്‍റേത് വെറും സൗന്ദര്യപ്പിണക്കമോ പരിഭവമോ അല്ലെന്നും വ്യക്തമായി.
ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ശശികാന്ത് ഗോഹിൽ ഹാർദിക്കിന് മറുപടി പറഞ്ഞത് ചില പഴയ ഡയലോഗുകൾ ഓർമിപ്പിച്ചാണ്. സംവരണപ്രക്ഷോഭസമയത്ത് അമിത് ഷായെ ജനറൽ ഡയറിനോട് തുലനം ചെയ്ത വർത്തമാനമാണ് അതിലൊന്ന്. ചർക്കക്ക് മുന്നിലിരുന്നാൽ ഒരാൾ ഗാന്ധിയാവില്ലെന്ന് മോദിക്ക് നേരെ എറിഞ്ഞ ഒളിയന്പാണ് മറ്റൊന്ന്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്പ് , 2017ൽ ഹാർദിക്കിനെ അപമാനിക്കാനുണ്ടാക്കിയ സിഡി വിവാദത്തിലെ ബിജെപി പങ്കും മറക്കണ്ട എന്ന് ഗോഹിൽ ഹാർദിക്കിനെ ഓർമപ്പെടുത്തുന്നു.
മോദിക്ക് പ്രശംസ, കൂടുതൽ സാധ്യത മുന്നിലുണ്ടെന്ന് പ്രസ്താവന; ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?
പട്ടേൽ വിഭാഗങ്ങൾക്കിടയിൽ സർവസമ്മതനൊന്നുമല്ല ഹാർദിക്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം ആർഭാടജീവിതത്തിനായി സമുദായഫണ്ട് ദുരുപയോഗം ചെയ്യാറുണ്ടെന്ന് പണ്ട് പറഞ്ഞത് അടുത്ത ചങ്ങാതിമാരാണ്. ചിരാഗ് പട്ടേലും കേതൻ പട്ടേലും. സംവരണത്തിന്റെ പേരിൽ വിലപേശിത്തന്നെയാണ് ഹാർദിക് കോൺഗ്രസിലെത്തിയത്. അന്ന് ഹാർദിക് ഉൾപെടുന്ന കട്വ പട്ടേൽ വിഭാഗത്തിന്‍റെ സംഘടനയായ വിശ്വ ഉമിയ ഫൗണ്ടേഷൻ അടക്കം ആറു സംഘടനകൾ ഹാർദിക്കിന് എതിരെ പ്രസ്താവനയിറക്കിയിരുന്നു. സമുദായത്തെ വഴിതെറ്റിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. കേസുകളും വിവാദങ്ങളുമൊക്കെ ഹാർദിക്കിന്‍റെ ജീവിതത്തിൽ ആവശ്യത്തിനുണ്ട്.
'നേതൃത്വം അവഗണിക്കുന്നു ,ഒരു കാര്യവും ആലോചിക്കുന്നില്ല', പൊട്ടിത്തെറിച്ച് ഹാർദിക് പട്ടേൽ
സംവരണപ്രക്ഷോഭത്തിന്‍റെ നാളുകൾ സമ്മാനിച്ച ഹീറോ പരിവേഷത്തിന് തിളക്കം കുറഞ്ഞിട്ടുണ്ട്. നിലപാടുകളിലെ നിലപാടില്ലായ്മ ക്ഷീണമാണ്. അപ്പോഴും ഗുജറാത്തിലെ കോൺഗ്രസിനെ ഒന്നു കൂടി ക്ഷീണിപ്പിക്കാൻ പര്യാപ്തമാണ് ഹാർദിക്കിന്‍റെ പോക്ക്. ബിജെപിക്ക് സന്തോഷിക്കാനും. രാഷ്ട്രീയത്തിലെ ഉള്ളുകള്ളികളും തന്ത്രങ്ങളും സമവാക്യങ്ങളും സമ്മർദഫോർമുലകളും എല്ലാം നന്നായി അറിയാവുന്ന നരേന്ദ്രമോദിക്കും അമിത് ഷാക്കും അവരുടെ പ്രിയപ്പെട്ട സംസ്ഥാനത്ത് പുതിയ ശക്തി നൽകുന്നതാണ് ആ സന്തോഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam