
ദില്ലി: കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ലോക്ക്ഡൌണ്, കൊവിഡ് 19 എന്നിവയേക്കുറിച്ചെല്ലാം കോണ്‍ഗ്രസ് നേതാവിന്‍റെ ഗ്രാഹ്യം വളരെ പരിമിതമാണ്. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നതല്ല മറിച്ച് രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തി മാത്രമുള്ളതാണെന്നും നദ്ദ പറഞ്ഞു.
ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നദ്ദ. ഉറച്ച തീരുമാനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. വലിയ ശക്തരാണെന്ന് കരുതിയ രാജ്യങ്ങള്‍ പോലും കൊവിഡ് 19 ന് മുന്നില്‍ പതറിയപ്പോള്‍ കൃത്യസമയത്ത് മഹാമാരിയെ നേരിടാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. പ്രതീക്ഷിക്കാത്ത വെല്ലുവിളികളെയാണ് മോദി സര്‍ക്കാരിന് രണ്ടാം അവസരത്തില്‍ നേരിടേണ്ടി വന്നത്. കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ ശക്തമായ കരങ്ങളാണ്. രാജ്യവും ബിജെപി അവര്‍ക്കൊപ്പമാണ് നിന്നത്.
ലോക്ക്ഡൌണ്‍ സമയത്ത് ബുദ്ധിമുട്ട് നേരിട്ട ആളുകളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്നു. 80 കോടി ജനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ സൌജന്യ റേഷനെത്തിച്ചത്. വിധവകള്‍ക്കും മുതിര്ന്ന പൌരന്മാര്‍ക്കും ജന്‍ധന്‍ അക്കൌണ്ടുകളിലൂടെ പണമെത്തി. ഒരുദിവസം രാജ്യത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം 1.6 ലക്ഷമായി. 4.5 ലക്ഷം പിപിഇ കിറ്റുകളാണ് ഒരു ദിവസം രാജ്യത്ത് നിര്‍മ്മിക്കുന്നതെന്നും നദ്ദ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam