Asianet News MalayalamAsianet News Malayalam

ഡി കെ ശിവകുമാറിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ തീഹര്‍ ജയിലില്‍ തന്നെ ഡികെ ശിവകുമാര്‍ തുടരണം.

court rejected bail plea of DK Shivakumar
Author
Delhi, First Published Sep 25, 2019, 5:52 PM IST

ദില്ലി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് തിരിച്ചടി. ശിവകുമാറിന്‍റെ ജാമ്യാപേക്ഷ ദില്ലി റോസ് അവന്യു കോടതി തള്ളി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറുള്ളത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് അറിയിച്ചായിരുന്നു അറസ്റ്റ്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. 

Read Also: കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ

എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെയും ഇഡി ചോദ്യംചെയ്യിരുന്നു. ശിവകുമാറിനെതിരെയുള്ള ഹവാല പണമിടപാട് കേസിലെ അന്വേണത്തിൽ മകൾ ഐശ്യര്യയുടെ ചുമതലയിലുള്ള ട്രസ്റ്റിനും പങ്കുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നായിരുന്നു ചോദ്യംചെയ്യല്‍. 

Read Also: ആശുപത്രി വാസത്തിന് അവസാനം; ഡി കെ ശിവകുമാറിനെ തീഹാർ ജയിലിലേക്ക് മാറ്റി

 

Follow Us:
Download App:
  • android
  • ios