പ്രേരക്മാരിലൂടെ മാറ്റത്തിന് കോൺഗ്രസ്; പാർട്ടി ശക്തിപ്പെടുത്താന്‍ ആര്‍എസ്എസ് മാതൃക

By Web TeamFirst Published Sep 10, 2019, 8:59 AM IST
Highlights

അഞ്ചുജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ഉണ്ടാകും. മുഴുവന്‍സമയ പ്രവർത്തകർ ആയിരിക്കും പ്രേരക്മാര്‍. 

ദില്ലി: സംഘടനാ സംവിധാനം ആർഎസ്എസ് മോഡലിൽ ഉടച്ചുവാർക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ്  പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം ഉണ്ടായത്. സംഘടനാ സംവിധാനത്തില്‍ ആര്‍എസ്എസ് മാതൃക സ്വീകരിച്ച് ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്.

അസമിൽ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ മറ്റുള്ളവര്‍ പിന്താങ്ങുകയായിരുന്നു. അഞ്ചുജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ഉണ്ടാകും. മുഴുവന്‍സമയ പ്രവർത്തകർ ആയിരിക്കും പ്രേരക്മാര്‍. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുകയും പാര്‍ട്ടി ചരിത്രവും തത്വങ്ങളും പ്രവര്‍ത്തകരെ പഠിപ്പിക്കുകയും പ്രേരക്മാരുടെ ചുമതലകളാണ്. സെപ്റ്റംബർ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിർദേശിക്കാൻ പിസിസികൾക്ക് നിർദേശം നല്‍കി. പുതിയ നീക്കം താഴെത്തട്ടില്‍ പാർട്ടിയെ പുനരുജീവിപ്പിക്കാൻ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 


 

click me!