യുപിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല

By Web TeamFirst Published Jun 1, 2019, 5:44 PM IST
Highlights

യുപിയില്‍ വരാനിരിക്കുന്ന നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. താഴെത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ലഖ്നൗ: യുപിയില്‍ വരാനിരിക്കുന്ന നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. താഴെത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

11 നിയമസഭാംഗങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് യുപിയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുമ്പ് പാര്‍ട്ടിയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ ഉപരിയായ 2022ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടത്തി ശക്തമായി തിരിച്ചുവരണമെന്നുമാണ് നേതാക്കളുടെ  ആവശ്യം. സമൂലമായ മാറ്റം ആവശ്യമാണെന്നും ഓരോ ബൂത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.  

അതേസമയം പ്രവര്‍ത്തകരെ സജ്ജരാക്കുന്നതില്‍ ബിജെപിയെ കണ്ടു പഠിക്കണമെന്നും അതിലും മികച്ച രീതിയില്‍ അടിത്തട്ടില്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനായി സജ്ജരാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് ദേശീയ വാരര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുപിയിലടക്കം കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ പോലും കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു. അടിത്തട്ടില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതാണ് തോല്‍വിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രാഥമിക വിലിയിരുത്തല്‍. പ്രിയങ്കയെ കൊണ്ടുവന്നിട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതോടെ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

click me!