
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ബെല്ലാരിയിലെ വിജയനഗരയിൽ നിന്നുള്ള എംഎല്‍എയായ ആനന്ദ് സിംഗ് ആണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധിയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആനന്ദ് സിംഗിന്‍റെ രാജി. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നതിനിടെ കൂടുതല്‍ എംഎല്‍എമാര്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് ആനന്ദ് സിംഗ്. അതേസമയം, കോണ്‍ഗ്രസിന്‍റെ കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത നേതാവ് രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന. വിമത പക്ഷത്തുള്ള മൂന്ന് എംഎല്‍എമാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി ഇപ്പോള്‍ അമേരിക്കയിലാണ്. അദ്ദേഹം ജൂലൈ എട്ടിനാണ് തിരിച്ചെത്തുക.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ബിജെപി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജെഡിഎസ് 37, ബിജെപി 104, ബിഎസ്പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ കക്ഷിനില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam