'മദ്യം തൊണ്ടയിലെ വൈറസിനെ തുരത്തും'; മദ്യ ഷോപ്പുകള്‍ തുറക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

By Web TeamFirst Published May 1, 2020, 10:23 AM IST
Highlights

മദ്യ ഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാല്‍, ഇതിനൊപ്പം അനധികൃത മദ്യ വില്‍പ്പന സംസ്ഥാനത്തുടനീളം തഴച്ചു വളരുകയാണ്. സംസ്ഥാനത്തിന് വരുമാനം നഷ്ടമാകുന്നതിനൊപ്പം വ്യാജ മദ്യം ജനങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു

ജയ്പുര്‍: രാജസ്ഥാനിലെ മദ്യ ഷോപ്പുകള്‍ എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് കോണ്‍ഗ്രസ് എംഎല്‍എയുടെ കത്ത്. കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് കുന്ദന്‍പുര്‍ ആണ് മുഖ്യമന്ത്രിയോട് മദ്യ ഷോപ്പുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യ ഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

എന്നാല്‍, ഇതിനൊപ്പം അനധികൃത മദ്യ വില്‍പ്പന സംസ്ഥാനത്തുടനീളം തഴച്ചു വളരുകയാണ്. സംസ്ഥാനത്തിന് വരുമാനം നഷ്ടമാകുന്നതിനൊപ്പം വ്യാജ മദ്യം ജനങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന് മദ്യ ഷോപ്പുകള്‍ വീണ്ടും തുറക്കുന്നത് തന്നെയാണ് ബുദ്ധിയെന്ന് ഭരത് മുഖ്യമന്ത്രിക്കുള്ള കത്തിലെഴുതി.

ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് കൊണ്ട് കൈയിലെ വൈറസ് നീക്കാന്‍ സാധിക്കുന്നുണ്ട്. അതുപോലെ മദ്യം കുടിച്ചാല്‍ തൊണ്ടയിലെ വൈറസിനെയും തുരത്താം. വ്യാജ മദ്യം കുടിക്കുന്നതിനെക്കാള്‍ ഭേദമാണ് ഇതെന്നും അദ്ദേഹം കുറിച്ചു. അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 35 ശതമാനം വര്‍ധിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ കത്ത് എന്നുള്ളതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പുറമെയുള്ള മറ്റ് മദ്യങ്ങളുടെയും ബിയറിന്‍റെയും എക്സൈസ് ഡ്യൂട്ടി 45 ശതമാനാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഇതിനിടെ  രാജ്യത്ത് കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം1,147 ആയി ഉയർന്നു. 24 മണിക്കൂറിൽ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,993 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് 35,043 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

click me!