
ദില്ലി: കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ വിമർശനവുമായി കാർത്തി ചിദംബരം എംപി. ഇന്ത്യയിലെ മിക്ക പാർട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണ്. മാറ്റം അനിവാര്യമാണെന്നും കാർത്തി ചിദംബരം പറഞ്ഞു. സമൂഹം മാറുന്നതിന് അനുസരിച്ച് പാർട്ടികളിലും മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ ഗാന്ധി കുടുംബ വിമർശനത്തിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിന്‍റെയും വിമര്‍ശനം ഉയരുന്നത്. എഐസിസി തെരഞ്ഞെടുപ്പിൽ തരൂരിനെയാണ് കാർത്തി പിന്തുണച്ചിരുന്നത്. കോൺഗ്രസിൽ പിളർപ്പ് ഉടനെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും വിമര്‍ശനം ചര്‍ച്ചയാവുന്നത്.
കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വാനോളം പുകഴ്ത്തി ശശി തരൂര്‍. മുസ്ലീംലീഗ് മാവോവാദി കോണ്‍ഗ്രസാണ് നിലവിലേതെന്നും, അര്‍ബല്‍ നക്സലുകളെ പോറ്റുന്ന പാര്‍ട്ടിയാണെന്നും വിമര്‍ശനം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്‍റെ പ്രശംസ. ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ട് കൂടി ദില്ലിയില്‍ നടന്ന രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത് വെറുതെയായില്ലെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കുടുംബാധിപത്യത്തിനെതിരെ അടുത്തിടെ ഒരു ലേഖനത്തില്‍ കടുത്ത വിമര്‍ശനം നടത്തിയും തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.
ആദ്യ പ്രധാനമന്ത്രി നെഹ്റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുൾപ്പെടുന്ന നെഹ്റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേർന്നിരിക്കുന്നു. എന്നാൽ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നായിരുന്നു ശശി തരൂരിന്റെ വിമർശനം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂർ പറഞ്ഞ് വെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam