Latest Videos

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം; നാളെ മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

By Web TeamFirst Published Mar 24, 2023, 9:18 PM IST
Highlights

നാളെ മുതൽ സംസ്ഥാന ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധിക്കും. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

ദില്ലി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നാളെ മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. 

അദാനി വിഷയത്തിൽ ശബ്ദമുയർത്തിയത് രാഹുലിനോടുള്ള പ്രതികാരമായാണ്. സൂറത്ത് കോടകി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിൻവലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാർലമെൻറ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിൻവലിച്ചത്. തിങ്കളാഴ്ചയോ, ചൊവ്വയോ പാർലമെൻറ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പാർലമെൻ്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.  

ഇനി നിർണായകം സെഷൻസ് കോടതി തീരുമാനം; രാഹുലിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ

അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി, എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുള്ളത് എന്തുകൊണ്ടാണെന്ന് ചോദിച്ച്  2019 ല്‍ കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുലിനെ സൂറത്ത് സിജെഎം  കോടതി ശിക്ഷിച്ചത്. 

നടപടിക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ രാഹുലിന്‍റെ  ലോക് സഭാംഗത്വം റദ്ദ് ചെയത് ലോക് സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഭരണഘടനയുടെ 102(1 ഇ ) വകുപ്പ് പ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിന്‍റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. രാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും, തെരഞ്ഞടുപ്പ് കമ്മീഷനയും ഇക്കാര്യം ലോക് സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ അവകാശങ്ങളും ഇല്ലാതായി. മുന്‍ എംപിയെന്ന നിലയില്‍ രാഹുലിനെ പരിഗണിക്കണമെന്നും ലോക് സഭ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. അയോഗ്യനാക്കിയ വിധി മറികടന്നില്ലെങ്കില്‍ എട്ടു വര്‍ഷത്തേക്ക് രാഹുലിന് തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല. 

 

 


 

click me!