Asianet News MalayalamAsianet News Malayalam

ഇനി നിർണായകം സെഷൻസ് കോടതി തീരുമാനം; രാഹുലിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ 

മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ച് കോൺഗ്രസ് ആദ്യം സെഷൻസ് കോടതിയെ സമീപിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്.

Sessions court decision is crucial for rahul gandhi and a panel of senior lawyers working on it apn
Author
First Published Mar 24, 2023, 8:25 PM IST

ദില്ലി : രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടറ്റിയേറ്റ് അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിർണ്ണായകമാകും. മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ച് കോൺഗ്രസ് ആദ്യം സെഷൻസ് കോടതിയെ സമീപിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്.

ചെറുത്തു നിൽപ്പിന്റെ സന്ദേശം നൽകാനാണ് ശ്രമിച്ചതെങ്കിലും കോൺഗ്രസ് ക്യാംപിൽ ആശങ്ക പ്രകടമാണ്. കേന്ദ്രത്തിൻറെ വേട്ടയാടൽ ആരോപിക്കുമ്പോഴും ഗുജറാത്തിലെ കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. രാഹുലിനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താൻ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറിനില്ക്കേണ്ടി വന്നാൽ അത് കോൺഗ്രസിന് കടുത്ത പ്രതിസന്ധിയാകും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ. 

കുറ്റക്കാരൻ എന്ന വിധി ഉടൻ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിൻറെ അയോഗ്യത തുടരും. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തടസ്സമുണ്ടാകില്ല. അപ്പീലിൽ തീരുമാനം വരുന്നത് വരെ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന്  ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം 

'പകയുടെ രാഷ്ട്രീയത്തിൽ നിന്ന് ബിജെപി സമ്പൂർണ ഏകാധിപത്യത്തിലേക്ക്', ജനാധിപത്യത്തിന്റെ മരണമണിയെന്നും സ്റ്റാലിൻ

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതി നൽകിയ ഇളവ് രാഹുൽ ഗാന്ധിക്കും കിട്ടണമെന്നാണ് കോൺഗ്രസിൻറെ വാദം. എന്നാൽ കേസ് നടപടികൾ നീണ്ടു പോയാൽ അത്രയും നാൾ രാഹുൽ പാർലമെൻറിൽ നിന്ന് പുറത്തു നിൽക്കേണ്ടി വരും. 1975 ൽ തെരഞ്ഞെടുപ്പ് ക്രമക്കേടിൻറെ പേരിൽ ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയിരുന്നു. അടിയന്തരാവസ്ഥയിലേക്കാണ് അന്നത്തെ രാഷ്ട്രീയ സംഭവങ്ങൾ നയിച്ചത്. ഇരട്ടപദവി വിഷയം ഉയർന്നപ്പോൾ സോണിയ ഗാന്ധി രാജിവച്ചാണ് അയോഗ്യത ഒഴിവാക്കിയത്. നെഹ്റു കുടുംബത്തിലെ മറ്റൊരാൾ കൂടി അയോഗ്യത നേരിടുമ്പോൾ ഇനി കോടതി എടുക്കുന്ന നിലപാടിൽ മാത്രമാണ് കോൺഗ്രസിൻറെ പ്രതീക്ഷ. 

 

Follow Us:
Download App:
  • android
  • ios