ശിവസേനയെ പിന്തുണക്കില്ല, പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം: പന്ത് ബിജെപി കോര്‍ട്ടില്‍

By Web TeamFirst Published Nov 6, 2019, 1:47 PM IST
Highlights

പതിമൂന്ന് ദിവസമായി ശിവസേന പയറ്റിയ രാഷ്ട്രീയസമ്മര്‍ദ്ദ തന്ത്രത്തിനാണ് ശരദ് പവാറിന്‍റെ പ്രഖ്യാപനത്തോടെ അവസാനമായിരിക്കുന്നത്. ബിജെപിയുമായി സമവായത്തിലെത്തുകയല്ലാതെ മറ്റൊരു വഴി ഇനി ശിവസേനയ്ക്കു മുമ്പിലില്ല.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേന നിലപാട് കടുപ്പിച്ചിരിക്കെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി എത്തി. അതിനിടെ, സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി.

പതിമൂന്ന് ദിവസമായി ശിവസേന പയറ്റിയ രാഷ്ട്രീയസമ്മര്‍ദ്ദ തന്ത്രത്തിനാണ് ശരദ് പവാറിന്‍റെ പ്രഖ്യാപനത്തോടെ അവസാനമായിരിക്കുന്നത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ശിവസേനയെ പിന്തുണയ്ക്കില്ല. പ്രതിപക്ഷത്തിരിക്കാനാണ് സഖ്യത്തിന്‍റെ തീരുമാനം. നിലവിലെ തര്‍ക്കത്തില്‍ ബിജെപിയും ശിവസേനയും സമവായത്തിലെത്തണം. ബിജെപി-ശിവസേന സര്‍ക്കാരിനായി കാത്തിരിക്കുകയാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേരാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് എന്‍സിപി മുന്‍തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. ശിവസേനയെ പിന്തുണയ്കക്കാമെന്നായിരുന്നു നേരത്തെ എന്‍സിപി അഭിപ്രായപ്പെട്ടത്. എന്നാല്‍, ശിവസേനയുമായുള്ള ബാന്ധവം ഒരു തരത്തിലും വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ശരദ് പവാറിനെ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്.

Read Also: 'ബിജെപിയെ ഉപേക്ഷിക്കൂ'; മഹാരാഷ്ട്രയില്‍ തര്‍ക്കം തുടരുന്നതിനിടെ ശിവസേനയോട് എന്‍സിപി

ബിജെപിയുമായി സമവായത്തിലെത്തുകയല്ലാതെ മറ്റൊരു വഴി ഇനി ശിവസേനയ്ക്കു മുമ്പിലില്ല. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുക എന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കില്ലെന്നുറപ്പാണ്. പകരം, തന്ത്രപ്രധാന മന്ത്രിപദങ്ങള്‍ ശിവസേനക്കു നല്‍കി പ്രശ്നം പരിഹരിക്കാനാകും ബിജെപി ശ്രമിക്കുക എന്നാണ് സൂചന. 

Read Also: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ തർക്കത്തിൽ ആർഎസ്എസ് ഇടപെടുന്നു: ശിവസേനക്കൊപ്പം സർക്കാർ രൂപീകരിക്കാൻ നിര്‍ദ്ദേശം

click me!