'തിരുവള്ളുവർ ഹിന്ദു, യോജിക്കുന്ന നിറം കാവി': പ്രതിമയെ കാവി പുതപ്പിച്ച് ഹിന്ദു മക്കൾ പാർട്ടി

By Web TeamFirst Published Nov 6, 2019, 12:56 PM IST
Highlights

തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം കാവിയാണെന്നും, തിരുവള്ളുവർ ഹിന്ദുവാണെന്നും ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്. പ്രതിമയുടെ കഴുത്തിൽ രുദ്രാക്ഷവും അണിയിച്ചു.

തമിഴ്നാട്: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറുടെ പ്രതിമയിൽ ഹിന്ദു മക്കൾ പാർട്ടി കാവി ഷാൾ പുതപ്പിച്ചു. പ്രതിമയുടെ കഴുത്തിൽ രുദ്രാക്ഷവും അണിയിച്ചു. തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം  കാവിയാണെന്നും, തിരുവള്ളുവർ ഹിന്ദുവാണെന്നും ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു. രണ്ട് ദിവസം മുമ്പ് തിരുവള്ളുവറുടെ പ്രതിമയിൽ ഒരു വിഭാഗം ആളുകൾ ചാണകം തളിച്ചിരുന്നു. 

തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബിജെപി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തഞ്ചാവൂരിലെ പിള്ളയാർപട്ടിയിൽ തിരുവള്ളുവറുടെ പ്രതിമയ്ക്ക് നേരെ അഞ്ജാതരുടെ ആക്രമണം ഉണ്ടായത്.

Thanjavur: Members of Hindu Makkal Katchi garland the statue of Tamil poet, Thiruvalluvar with flowers, rudraksha and a saffron 'angavastram' in Pillayarpatti. The statue was desecrated on November 4. pic.twitter.com/bZRfvZer8X

— ANI (@ANI)

തഞ്ചാവൂരിലെ പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് അഞ്ജാതർ ചാണകം തളിച്ചത്. പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. അക്രമത്തിനെതിരെ ഒരു വിഭാഗം തമിഴ് അനുകൂലികൾ സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ബിജെപി നേതാക്കൾ പ്രതിമയിൽ പാലഭിഷേകം നടത്തി. 

 

Read More: തഞ്ചാവൂരില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം: പ്രതിമയില്‍ ചാണകം തളിച്ചു

തമിഴ്നാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് മുരുകാനന്ദം അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പാലഭിഷേകം. തിരുക്കുറലിന് പ്രശസ്തി നൽകാൻ നരേന്ദ്രമോദി നടത്തുന്ന പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ളവരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പ്രശ്നത്തിലേക്ക് ബിജെപിയെ മനപൂർവം വലിച്ചിഴക്കാനാണ് അക്രമത്തിലൂടെ അവർ ശ്രമിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഈ കേസിലെ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് തിരുവള്ളുവറെ ഹിന്ദുവത്കരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.

click me!