
ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകളെത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എഐസിസി വക്താവ് പവന്‍ ഖേര തുറന്നടിച്ചു. ഇതിനിടെ വോട്ടര്‍ പട്ടിക ക്രമേക്കട് ആക്ഷേപത്തില്‍ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തെളിവ് ചോദിച്ചു. ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും , വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
മഹാദേവ പുരയിലെ വിവരങ്ങള്‍ മാത്രം ശേഖരിക്കാന്‍ ആറ് മാസമാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വന്നത്. എന്നാല്‍ രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തി ആറാം ദിവസം ആറ് മണ്ഡലങ്ങളിലെ വിവരങ്ങളെടുത്താണ് അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. കള്ളവോട്ടെന്ന് ആരോപിച്ച് അനുരാഗ് താക്കൂര്‍ പുറത്ത് വിട്ട വിവരങ്ങള്‍ നല്ഡകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് പവന്‍ ഖേര ആരോപിക്കുന്നത്. നിരന്തരം കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടും നല്‍കാത്ത ഇലക്ട്രോണിക് വോട്ടര്‍ പട്ടിക ലഭ്യമാക്കി.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടര്‍പട്ടിക പുറത്ത് വിടാന്‍ കമ്മീഷന് ധൈര്യമുണ്ടോയെന്നും പവന്‍ ഖേര ചോദിച്ചു. വോട്ടെണ്ണലില്‍ പിന്നില്‍ കിടന്ന മോദി പെട്ടെന്ന് മുന്നിലെത്തിയത് ഒരു ബൂസ്റ്റര്‍ ഡോസ് മൂലമാണെന്നും ആ ഡോസിന് പിന്നില്‍ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും പവന്‍ ഖേര ആരോപിച്ചു.
അതേ സമയം ഇരട്ട വോട്ടുകളില്‍ തെളിവ് ഉണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കാനാണ് രാഹുല്‍ ഗാന്ധിയോട് കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ട് മോഷണം എന്ന പ്രയോഗം വോട്ടര്‍മാരെ ആകെ അപമാനിക്കുന്നതാണ്.അത് നിര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ 65 ലക്ഷം പേരെ ഒഴിവാക്കിയ ബിഹാറിലെ ഗ്രാമങ്ങളില്‍ രാഹുല്‍ ഗാന ്ധിക്കൊപ്പം തേജസ്വിയാദവുമെത്തി നിജസ്ഥിതി വിശദീകരിക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ മഹാറാലിയും നടത്തും. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാന്‍ ഇത്തരമൊരു വലിയ പ്രചാരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജനങ്ങളില്‍ സംശയം ജനിപ്പിച്ച് കമ്മീഷനെ പുകമറയില്‍ നിര്‍ത്താനുള്ള നീക്കം ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.