
ദില്ലി : ഇന്ത്യക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പാർലമെന്റിൽ ഉന്നയിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ്. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പാർലമെന്റിൽ നോട്ടീസ് നൽകി. റഷ്യയിൽ നിന്നുള്ള എണ്ണ, ആയുധ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ നീങ്ങിയത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും നേരത്തെ ഇന്ത്യ നിലപാടെടുത്തിരുന്നു. പിന്നാലെയാണ് 25 ശതമാനം തീരുവ പിഴ കൂടി ചുമത്തി 50 ശതമാനമാക്കിയത്.
അമേരിക്കയുടെ ഈ നീക്കം രാജ്യത്തിന്റെ വ്യാപാര മേഖലയെയും ആഭ്യന്തര വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി തീരുവ വർധിപ്പിച്ചത് കാരണം ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ വില കൊടുക്കേണ്ടി വരും. ഉയർന്ന തീരുവ കാരണം തുണിത്തരങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, സ്റ്റീൽ, യന്ത്രങ്ങൾ തുടങ്ങിയ നിരവധി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കൂടും. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിൽ നിന്ന് വിശദീകരണം തേടാനാണ് കോൺഗ്രസ് എംപിമാരുടെ ശ്രമം. രാജ്യത്തിന്റെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കാൻ പോകുന്നതെന്ന് അറിയേണ്ടതുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.
അവസരമായി കണ്ട് മുന്നേറ്റം നടത്തണം -അമിതാഭ് കാന്ത്
ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിനെ അവസരമായി കണ്ട് മുന്നേറ്റം നടത്തണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി ട്രംപിന്റെ നീക്കത്തെ കാണണമെന്നും ഇത് ഊർജമാക്കിയെടുത്ത് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ 50 ശതമാനം താരിഫ് വ്യാപാര രംഗത്ത് ഇന്ത്യക്ക് തിരിച്ചടിയാകുമെങ്കിലും, പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനും 'വലിയ കുതിച്ചുചാട്ടത്തിന്' തയ്യാറെടുക്കാനുമുള്ള അവസരമായി ഇതിനെ കാണണമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. പ്രതിസന്ധിയെ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.