Congress : 'ഗോവ' ആവര്‍ത്തിക്കാതിരിക്കാന്‍ 'മിഷന്‍ എംഎല്‍എ'; കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസിന്റെ തന്ത്രം

Published : Mar 07, 2022, 08:48 PM ISTUpdated : Mar 07, 2022, 08:54 PM IST
Congress : 'ഗോവ' ആവര്‍ത്തിക്കാതിരിക്കാന്‍ 'മിഷന്‍ എംഎല്‍എ'; കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസിന്റെ തന്ത്രം

Synopsis

കൂറുമാറ്റം തടയാനായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അയച്ചു.  

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎല്‍എമാരുടെ (MLA) കൂറുമാറ്റം തടയാന്‍ മിഷന്‍ എംഎല്‍എ പദ്ധതിയുമായി (Mission MLA) കോണ്‍ഗ്രസ് (Congress).  മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഗോവ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളാണ് എംല്‍എമാരുടെ കൂറുമാറ്റം കാരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ അരയും തലയും മുറുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കൂറുമാറ്റം തടയാനായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അയച്ചു. എംഎല്‍എമാരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും തൂക്കുസഭകള്‍ ഉണ്ടായാല്‍വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുമാണ് കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പാര്‍ട്ടിക്ക് അധികാരം പിടിക്കാനായില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കി. 

ഗോവയില്‍ കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ മത്സരം കടുത്ത സ്ഥിതിക്ക് എംഎല്‍എമാരെ പിടിച്ചു നിര്‍ത്താന്‍ ഇത് മതിയാകില്ലെന്നാണ് നേതൃത്വത്തിന്റെ ബോധ്യം. ഗോവ്ക്ക് പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് 'മിഷന്‍ എംഎല്‍എ' സജീവമാക്കി. ഗോവയൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും രണ്ടിടത്തെങ്കിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വിമത ഭീഷണി നേരിടുന്ന രാജസ്ഥാനിലും എംഎല്‍എമാരെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.

എക്‌സിറ്റ് പോള്‍: ഗോവയില്‍ ബലാബലം, കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

പനാജി: ഗോവയില്‍ (Goa Election) ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും (Congress and BJP)  13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ (Exit poll) പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം.
കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ വിടാമെന്ന് പറഞ്ഞ് കെണിയിലാക്കി, കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ
ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ