
ദില്ലി: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election ) ബിജെപി (BJP) ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll) . 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺഗ്രസിന് (Congress) ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു.
എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലം. നാല് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.
പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 - 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.
മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി. സീൽ ചെയ്ത ഇവിഎം പെട്ടികളാണ് യഥാർത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.
പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ സാന്നിധ്യം ബിജെപിക്ക് ഫലം ചെയ്തില്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിൽ നിന്നകന്ന് എത്തിയ അമരീന്ദറിനെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ നീക്കം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ മുന്നേറ്റം എന്നാണ് ടുഡേയ്സ് ചാണക്യ ന്യൂസ് 24 പ്രവചിക്കുന്നത്. ബിജെപി ഒരു സീറ്റിലൊതുങ്ങും.100 സീറ്റിന് മുകളിൽ ആം ആദ്മി വിജയം നേടാം. കോൺഗ്രസ് 10 സീറ്റിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം. അകാലി ദൾ 6സീറ്റ് നേടാം. കോൺഗ്രസിന് ശക്തികേന്ദ്രങ്ങളിൽ വരെ തിരിച്ചടി നേരിടും.
ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ആം ആദ്മി 66 സീറ്റുകളിൽ വിജയിക്കുമെന്നാണ്. കോൺഗ്രസ് 26 സീറ്റുകൾ നേടും. അകാലിദൾ 19 ഇടങ്ങളിൽ വിജയിക്കും. ബിജെപി നാല് സീറ്റിൽ ഒതുങ്ങും.
എബിപി ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത് 51-61 വരെ സീറ്റുകൾ ആം ആദ്മി നേടുമെന്നാണ്. കോൺഗ്രസിന് 22-28 വരെ സീറ്റുകൾ ലഭിക്കും. ശിരോമണി അകാലിദൾ 20 മുതൽ 26 വരെ സീറ്റുകളിൽ വിജയിക്കും. ബിജെപിക്ക് 7-13 സീറ്റുകൾ ലഭിച്ചേക്കും.
ആർക്കും കേവലഭൂരിപക്ഷമില്ലെന്ന് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ
അതിനിടെ പഞ്ചാബിൽ ആരും കേവല ഭൂരിപക്ഷം നേടില്ലെന്ന് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ ഫലം. എഎപി 39- 43 വരെ സീറ്റുകളിൽ വിജയിക്കും. കോൺഗ്രസിന് 23-26 വരെ സീറ്റുകൾ ലഭിക്കും. ശിരോമണി അകാലിദൾ 22- 25 വരെ സീറ്റുകളിൽ വിജയിക്കും. ബിജെപി 6-8 ഇടങ്ങളിൽ മുന്നിലെത്തും എന്നും ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam