സോണിയയുടെ പിൻഗാമി ആര്? കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; തരൂരിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് ഉണ്ണിത്താൻ

Published : Oct 16, 2022, 01:03 PM IST
സോണിയയുടെ പിൻഗാമി ആര്? കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; തരൂരിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് ഉണ്ണിത്താൻ

Synopsis

നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് ഒരുക്കും

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും. വോട്ടർ പട്ടികയ്ക്കെതിരായ തരൂരിന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് തെലങ്കാനയിലെ വരണാധികാരിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം.  ഗോദയിലുള്ളത് രണ്ട് ദക്ഷിണേന്ത്യക്കാര്‍. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം സംസ്ഥാനങ്ങളിലൂടെ പ്രചാരണം. രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന്  പ്രത്യേകതകള്‍  ഏറെയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങള്‍. വിശ്വസ്തനായ അശോക് ഗെലോട്ടിനെ താക്കോല്‍ ഏല്‍പ്പിക്കാന്‍ നോക്കിയെങ്കില്‍, രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്. പിന്നാലെ, ഗാന്ധി കുടുംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍, ഖാര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരന്ന കാഴ്ച. 

നേതൃത്വത്തിന്‍റെ വിവേചനത്തിനും, വോട്ടര്‍പട്ടികയിലെ ക്രമക്കേടിനുമെതിരെ തരൂരിന് പലകുറി പ്രതികരിക്കേണ്ടി വന്നെങ്കിലും പരാതികള്‍ നിര്‍ദാക്ഷണ്യം തെരഞ്ഞെടുപ്പ് സമിതി തള്ളി. ഒടുവിൽ ഇപ്പോഴിതാ തെലങ്കാനയിലെ വരണാധികാരിയായ രാജ്മോഹൻ ഉണ്ണിത്താനും. പരാതിയിൽ കഴമ്പില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. തരൂർ പാർട്ടിയിൽ ട്രെയിനി ആണെന്നും പിന്തുണ ഖാർഗേക്ക് ആണെന്നും കെ.സുധാകരനും വ്യക്തമാക്കി.

നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് ഒരുക്കും. എഐസിസിസി, പിസിസി അംഗങ്ങളായ 9,308 വോട്ടര്‍മാര്‍. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം  ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ അറിയാം ഖാർഗെയാണോ തരൂർ ആണോ എന്ന്.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന