ലഖിംപൂർ: കേന്ദ്രമന്ത്രിയെ പുറത്താക്കണം; കോൺഗ്രസിന്‍റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം, മഹാരാഷ്ട്രയിൽ ബന്ദ്

By Web TeamFirst Published Oct 11, 2021, 12:51 AM IST
Highlights

പ്രതിയായ മന്ത്രി പുത്രനെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. അർധരാത്രിയോടെ തുടങ്ങിയ ബന്ദിൽ പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യസർവീസുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്

ദില്ലി: ലഖീംപൂർ (Lakhimpur) സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ(Ajay Mishra) മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് (Congress) മൗനവ്രത പ്രക്ഷോഭം തുടങ്ങുന്നു. ഇന്ന് രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ(Congress Pradesh Committee) മൗനവ്രത സമരം നടത്തും. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി (KC Venugopal) നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ലഖീംപൂരിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കാറോടിച്ചു കയറ്റി കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ആഹ്വാനമേകിയത്.

അതിനിടെ ലഖിംപൂരിൽ കൊല്ലപ്പെട്ട ക‍ർഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ(Maharashtra) ഭരണമുന്നണിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്. പ്രതിയായ മന്ത്രി പുത്രനെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. അർധരാത്രിയോടെ തുടങ്ങിയ ബന്ദിൽ പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യസർവീസുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിനം ജോലി നിർത്തിവച്ച് എല്ലാവരും സഹകരിക്കണമെന്ന് ശിവസേന-കോൺഗ്രസ്-എൻസിപി(Shiv Sena-Congress-NCP) നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കെതിരായ ഐക്യത്തിന്‍റെ പ്രദർശനമാക്കി ബന്ദിനെ മാറ്റാണാണ് മൂന്ന് പാർട്ടികളുടെ തീരുമാനം. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പൊലീസിനെ നിരത്തുകളിൽ വിന്യസിക്കുമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.

Latest Videos

അതിനിടെ ലഖിംപുർ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കണമമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നേതാക്കൾ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ (Rahul Gandhi) നേതൃത്വത്തിലാകും രാഷ്ട്രപതിയെ കാണുക. കർഷകരെ ഇടിച്ചു മുന്നോട്ടു പോയ ഈ വാഹനത്തിലുണ്ടായിരുന്നത് ആരൊക്കെയെന്ന് യുപി പൊലീസിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. ആശിശ് കുമാർ മിശ്ര വാഹനത്തിൽ ഇല്ലായിരുന്നു എന്ന വാദമാണ് തുടക്കം മുതൽ കേന്ദ്ര മന്ത്രി അജയ് മിശ്ര ഉയർത്തിയത്. ഈ വാദം തള്ളുന്നതാണ് 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം മന്ത്രി പുത്രന്‍റെ അറസ്റ്റെന്നാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്.

സംഭവസ്ഥലത്ത് താൻ ഇല്ലായിരുന്നു എന്നത് തെളിയിക്കാനുള്ള വിഡിയോ ഒന്നും നല്കാൻ ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞില്ല. അതായത് തെളിവുണ്ടെന്ന് തുടർച്ചയായി മന്ത്രി പറഞ്ഞത് കളവായിരുന്നോ എന്ന സംശയം ആണ് ഉയരുന്നത്. ആശിഷ് മിശ്ര വാഹനത്തിൽ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാൽ അജയ് മിശ്ര രാജിവയ്ക്കേണ്ടി വരും. ഈ സാഹചര്യത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് കോൺഗ്രസ് രാഷ്ട്രപതിയെ കാണുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെ ഏഴു നേതാക്കൾ രാഷ്ട്രപതിയുടെ സമയം ചോദിച്ചിട്ടുണ്ട്.

അതിനിടെ വാരാണസിയിൽ വലിയ കർഷക റാലിയിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി(Priyanka Gandhi) യുപി തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് തുടക്കം കുറിച്ചു. കാശിവിശ്വനാഥ ക്ഷേത്രത്തിൽ പോയി കുറിയിട്ട് വന്ന പ്രിയങ്ക ലഖിംപുർ ഖേരി സർക്കാരിനെതിരെ ആയുധമാക്കി. രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ   പ്രതികരിച്ചിട്ടില്ല.  സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.

അതിനിടെ ലിംഖിപൂർ സംഭവം ഹിന്ദു-സിഖ് സംഘർഷമായി ചിത്രീകരിക്കാൻ നടത്തുന്ന നീക്കം അപകടകരം എന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. ഒരു തലമുറയ്ക്കു ശേഷം ഉണങ്ങിയ മുറിവുകൾ ഉണർത്താനേ ഇത് ഇടയാക്കൂ എന്നും വരുൺ കുറിച്ചു. യോഗി ആദിത്യനാഥ് വിഷയം ധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് വരുൺ ഗാന്ധിയുടെ ഈ പ്രതികരണം. ആശിശ് മിശ്രയുടെ അറസ്റ്റു കൊണ്ടു മാത്രം വിഷയം തണുപ്പിക്കാനാവില്ല എന്ന സന്ദേശം നൽകുന്ന പ്രതിപക്ഷത്തിന് ആയുധമാകുന്നതാണ് വരുണിന്‍റെ ട്വീറ്റ്.

click me!