ചൈന നുഴഞ്ഞു കയറിയില്ലെങ്കിൽ പിന്നെങ്ങനെ 20 സൈനികർക്ക് ജീവന്‍ നഷ്ടമായി ? മോദിയോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ്

By Web TeamFirst Published Jun 21, 2020, 6:10 PM IST
Highlights

ആരും നുഴഞ്ഞു കയറിയില്ല എങ്കിൽ 20 സൈനികർ വീര മൃത്യു വരിച്ചത് എങ്ങനെയാണ്. 85 പേർക്ക് പരിക്ക് ഏൽക്കുകയും 10 പേർ ചൈനയുടെ പിടിയിൽ ആയതും എങ്ങനെയാണെന്നും കോൺ​ഗ്രസ് ചോദിച്ചു.
 

ദില്ലി: ഇന്ത്യാ-ചൈന സംഘർ‌ഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ് രം​ഗത്ത്. നമ്മുടെ പ്രദേശത്തേക്ക് ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ട് എന്ന് മുതിർന്ന കോൺ​ഗ്രസ്  നേതാവ് കപിൽ സിബൽ ചോദിച്ചു.  പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ നിന്ന് ഇത് ഒഴിവാക്കിയത് എന്തിനാണ്. ആരും നുഴഞ്ഞു കയറിയില്ല എങ്കിൽ 20 സൈനികർ വീര മൃത്യു വരിച്ചത് എങ്ങനെയാണ്. 85 പേർക്ക് പരിക്ക് ഏൽക്കുകയും 10 പേർ ചൈനയുടെ പിടിയിൽ ആയതും എങ്ങനെയാണെന്നും കോൺ​ഗ്രസ് ചോദിച്ചു.

അതിർത്തിക്കിപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസത്തെ സർവ്വകക്ഷി യോ​ഗത്തിൽ പറഞ്ഞത്. എന്നാൽ, ചൈനീസ് സേന അതിർത്തിക്കിപ്പുറത്ത് കൈയ്യേറ്റത്തിന് ശ്രമിച്ചു എന്നായിരുന്നു അതിനു മുമ്പ് വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത്. ഇതോടെ, ചൈനയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ചൈന കൈയ്യേറിയില്ലെങ്കിൽ ഇന്ത്യൻ സൈനികർ എങ്ങനെ മരിച്ചു? എവിടെയാണ് അവർ മരിച്ചത്? ഇക്കാര്യം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോൺഗ്രസ് ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറ വച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 

എന്നാൽ, പ്രധാനമന്ത്രിയുടെ പരാമർശം പ്രതിപക്ഷം വളച്ചൊടിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപണങ്ങളോട് പ്രതികരിച്ചത്. ഇന്ത്യൻ മണ്ണ് ലക്ഷ്യം വച്ചവർക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് ചൈന ചില നിർമ്മാണപ്രവർത്തനത്തിന് ശ്രമിച്ചു. കടന്നുകയറ്റം നടന്നില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് സൈനികരുടെ ധീരത ചൂണ്ടിക്കാട്ടിയാണ് എന്നും പിഎംഒ വ്യക്തമാക്കി.

ഇതിനു പിന്നാലെ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയവും രം​ഗത്തെത്തി. മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണ്. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. 

click me!