
ദില്ലി:പാര്‍ലമെന്‍റ് ഉദ്ഘാടനവേളയില്‍ അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആഖ്യാനം മാത്രമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.നെഹ്റുവും, മൗണ്ട് ബാറ്റണും തമ്മിൽ നടത്തിയതായി പറയുന്ന ചർച്ചക്ക് രേഖാമൂലം ഒരു തെളിവുമില്ല.തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയ നീക്കം മാത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി മറ്റ് പാര്‍ട്ടികള്‍ വിമര്‍ശിക്കുമ്പോള്‍ പിന്തുണയുമായി മായാവതി രംഗത്തെത്തി. സര്‍ക്കാരാണ് പാര്‍ലമെന്‍റ് മന്ദിരം നിര്‍മ്മിച്ചത്. അതുകൊണ്ട് ഉദ്ഘാടനം ചെയ്യാനുള്ള അവകാശവുമുണ്ട്. ആദിവാസി വനിതയുടെ അഭിമാനത്തെ വിവാദവുമായി ബന്ധപ്പെടുത്തേണ്ടെന്നും മായാവതി ട്വീറ്റ് ചെയ്തു. ക്ഷണത്തിന് നന്ദിയറിയിച്ച മായാവതി മറ്റ് തിരക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. കോണ്‍ഗ്രസും, ഇടതുപാര്‍ട്ടികളുമടക്കം 20 കക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. പ്രതിപക്ഷ നിരയിലെ ഭിന്നത വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസടക്കം അഞ്ച് പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ തനിക്ക് ലഭിച്ച സ്വീകരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ നിസഹകരണത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചു. സിഡ്നിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷം ഒന്നടങ്കമുണ്ടായിരുന്നുവെന്നും അതാണ് ജനാധിപത്യത്തിന്‍റെ ശക്തിയെന്നും മോദി പറഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെ അടിക്കാന്‍ ചെങ്കോല്‍ ബിജെപി ആയുധമാക്കി.ബ്രിട്ടണ്‍ അധികാരം കൈമാറിയതിന്‍റെ പ്രതീകമായ ചെങ്കോല്‍ അലഹബാദിലെ നെഹ്റുവിന്‍റെ വസതിയായ ആനന്ദഭവനിലേക്ക് ഒതുക്കപ്പെടുകയായിരുന്നുവെന്ന് ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ചെങ്കോലിനെ വിശേഷിപ്പിച്ചത് നെഹ്റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ ഊന്നു വടിയെന്നാണ്. പൂജകള്‍ക്ക് ശേഷമാണ് സ്വാതന്ത്യദിന രാത്രിയില്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയത്. ചെങ്കോലിനെ അവഗണിച്ചതിലൂടെ ഹിന്ദു ആചാരങ്ങളെ കൂടി കോണ്‍ഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും ഐടി സെല്‍മേധാവി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam