
ദില്ലി: ഒബിസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നമിട്ട് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ്. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ സാമൂഹിക നീതി പ്രമേയത്തിൽ കോൺഗ്രസ് അവകാശപ്പെട്ടു. വനിത കമ്മീഷന് ഭരണഘടന പദവി നല്‍കും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ 'രോഹിത് വെമുല നിയമം' പ്രാവര്‍ത്തികമാക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം നിർണ്ണായക നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങണമെന്ന ആഹ്വാനവുമായി റായ്‍പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങി.
താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.