
ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ ചർച്ചകളുമായി കോൺഗ്രസും സമാജ്‍വാദി പാർട്ടിയും. 2024ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ചു മത്സരിച്ചപ്പോഴുണ്ടായ നേട്ടം മുൻനിർത്തിയാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ സംസ്ഥാനത്ത് കോൺഗ്രസിന് ശക്തമായ അടിത്തറയില്ലാത്ത കാര്യം സമാജ്‍വാദി പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തമ്മിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് - സമാജ്‍വാദി പാർട്ടി സഖ്യത്തിന് 80ൽ 43 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ച ഇരുപാർട്ടികളെയും തകർത്താണ് ബിജെപി ഭരണത്തിലേറിയത്. അന്ന് കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാൻ കഴിഞ്ഞിരുന്നത്. 2.33 ശതമാനം വോട്ടും. 2017ലെ തെരഞ്ഞെടുപ്പിന് ശേഷവും ഇരുപാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങൾ തുടർന്നു. മധ്യപ്രദേശിൽ കോൺഗ്രസ് സീറ്റ് നൽകാൻ വിസ്സമതിച്ചതോടെ ഇരുപാർട്ടികളും അകന്നു.
കോൺഗ്രസ് - സമാജ്‍വാദി പാർട്ടി സഖ്യത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. നിലവിൽ പാർട്ടിയുടെ സംഘടനാശേഷി ശക്തിപ്പെടുത്താനാണ് നേതാക്കൾ മുൻഗണന നൽകുന്നത്. ഓരോ ജില്ലയിലും സംഘടനാശേഷി ശക്തിപ്പെടുത്തി 403 മണ്ഡലങ്ങളിലും സ്വാധീനം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. സമാജ്‍വാദി പാർട്ടിയാകട്ടെ, മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ ജില്ലാ പര്യടനം നടന്നുവരികയാണ്. ഓരോ ജില്ലയിലും സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി ജാതി സർവേയും നടത്തുന്നുണ്ട്.
അതേസമയം അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മത്സരരംഗത്ത് ഉണ്ടായാൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും വോട്ട് ചോർച്ച ആശങ്കപ്പെടുന്നുണ്ട്. ദളിത്, മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കാനായി ഒവൈസി, മായാവതി, ചന്ദ്രശേഖർ ആസാദ് എന്നിവർ നേതൃത്വം നൽകുന്ന പാർട്ടികളെ ബിജെപി പരോക്ഷമായി പിന്തുണച്ചേക്കുമോ എന്ന ആശങ്ക ഇരുപാർട്ടികൾക്കുമുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ യോഗി ആദിത്യനാഥ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam