നീറ്റ് പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരെ ദില്ലിയില്‍ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് രാജ്യസഭയിലെ പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വിദ്യാർഥികള്‍ക്ക് നേരെ പെല്ലറ്റും, കണ്ണീര്‍ വാതകവും പ്രയോഗിച്ചതും, ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശിച്ചതും അമിത്ഷായാണെന്ന് ഖര്‍ഗെ തുറന്നടിച്ചു. പ്രധാനമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങണം. അതുവരെ മിണ്ടാതിരുന്ന പ്രധാനമന്ത്രി അര്‍ധരാത്രി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമായെന്നും ഖര്‍ഗെ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, പാഠ്യപദ്ധതിയും കവര്‍ന്ന ആര്‍ എസ് എസ് ദളിത് വിരുദ്ധതയും, മനുസ്മൃതിയും സിലബസിന്‍റെ ഭാഗമാക്കിയെന്ന് ആരോപിച്ചതോടെ ഭരണപക്ഷത്ത് പ്രതിഷേധമിരമ്പി. ജെ പി നദ്ദയും, ചെയര്‍മാന്‍ സി പി രാധാകൃഷ്ണനും ഖര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്തു. ഭരണപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിന് പിന്നാലെ ഖർഗെയുടെ ഈ പരാമർശങ്ങൾ രേഖകളില്‍ നിന്ന് നീക്കി. വിദ്യാർഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ സ്വതന്ത്ര ഉന്നത തല അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ലോക്സഭയിൽ പ്രതിഷേധം ഇരമ്പി
അമിത് ഷാ എവിടെയന്നെ ചോദ്യവുമായി ലോക് സഭ പല തവണ പ്രതിപക്ഷം സ്തംഭിപ്പിച്ചു. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും നേരെ നടന്ന ക്രൂരമര്‍ദ്ദനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ട് അമിത് ഷായാണ് നിര്‍ദ്ദേശം നല്കിയതെന്ന ആരോപണം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. യൂണിഫോമിലല്ലാത്തെ ആളുകള്‍ വിദ്യാർഥികളെ തല്ലിച്ചതക്കുന്നതിന്‍റെയും, നിലത്തേക്കിടുന്നതിന്‍റെയും ദൃശ്യങ്ങളിലൂടെ പ്രതിഷേധക്കാരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് തുരത്തിയോടിക്കുകയായിരുന്ന സര്‍ക്കാര്‍ വാദത്തെയും രാഹുല്‍ ചോദ്യം ചെയ്തു. ബഹളത്തിനിടെ ലോക് സഭയില്‍ വന്ദേമാതരം ബില്‍ പാസാക്കി. ബില്‍ ഇന്നലെ രാജ്യസഭ കടന്നിരുന്നു. വന്ദേമാതരം, പരീക്ഷ ഭേദഗതി ബില്ലുകളെ ഇരുസഭകളിലും ഡി എം കെ എതിര്‍ത്തതും ശ്രദ്ധേയമായി.
