ഓപ്പറേഷൻ താമര X ഘർ വാപ‍്‍സി: മധ്യപ്രദേശിൽ നാല് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്?

By Web TeamFirst Published Jul 25, 2019, 6:54 PM IST
Highlights

മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്‍ത്തുമെന്ന ബിജെപി ഭീഷണിക്കിടെ കൂടുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. 

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്‍ത്തുമെന്ന ബിജെപി ഭീഷണിക്കിടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. നാലുപേര്‍ ഭരണപക്ഷത്തെത്തുമെന്നാണ് അവകാശവാദം. അതേസമയം ചാരപ്പണിക്കില്ലെന്ന് ബിജെപി പ്രതികരിച്ചു. 

നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ബിജെപി എംഎല്‍എമാര്‍ ഘര്‍വാപസിയെന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. വിമത നിലപാട് കഴിഞ്ഞ കുറച്ചുനാളായി സ്വീകരിച്ചുവരുന്ന എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച എംഎല്‍എമാരായ നാരായണ്‍ ത്രിപാഠിയെയും, ശരത് കൗളിനെയും  രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന. കൂടുതല്‍ എംഎല്‍എമാരെ പാളയത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വതന്ത്രരെ കൂടി സഹകരിപ്പിച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 

നാല് ബിജെപി എംഎല്‍എമാര്‍  ഉടന്‍ ഭരണപക്ഷത്തെത്തുമെന്ന് സ്വതന്ത്രനും, കമല്‍നാഥ് മന്ത്രിസഭയിലെ ഖനി വകുപ്പ് മന്ത്രിയുമായ പ്രദീപ് ജയ്സ്വാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമല്‍നാഥിന്‍റെ നീക്കങ്ങള്‍ക്ക്  കോണ്ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. 

അതേ സമയം കര്‍ണ്ണാടകം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന വെല്ലുവിളിക്കിടെ എംഎല്‍എമാര്‍ മറുകണ്ടം ചാടിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 230 അംഗ നിയമസഭയില്‍ 109 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 114 അംഗങ്ങളുള്ള കോണ്‍ഗ്രസ് 4 സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും ഒരു സമാജ്‍വാദി പാര്‍ട്ടി  അംഗത്തിന്‍റെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.
 

click me!