തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ സോണിയ, ഇത് ഒരു കരിനിയമമാണെന്നും അഭിപ്രായപ്പെട്ടു. ഈ കരിനിയമത്തിനെതിരെ പോരാടാൻ കോൺഗ്രസും താനും പ്രതിജ്ഞാബദ്ധരാണെന്നും പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി
ദില്ലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (എം ജി എൻ ആർ ഇ ജി എ) കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വി ബി - ജി റാം ജി) ബില്ലിനെതിരെ രൂക്ഷ വിമർശനമാണ് സോണിയ ഗാന്ധി നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ സോണിയ, ഇത് ഒരു കരിനിയമമാണെന്നും അഭിപ്രായപ്പെട്ടു. ഈ കരിനിയമത്തിനെതിരെ പോരാടാൻ കോൺഗ്രസും താനും പ്രതിജ്ഞാബദ്ധരാണെന്നും പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോണിയ
പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായി ബിൽ പാസാക്കിയത് ഗ്രാമീണ ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും സോണിയ ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് സമവായത്തോടെ നടപ്പാക്കിയ തൊഴിലുറപ്പ് നിയമം ഗ്രാമസ്വരാജിന്റെ സ്വപ്നമായിരുന്നുവെന്നും ഇപ്പോൾ അത് നശിപ്പിക്കപ്പെട്ടുവെന്നും അവർ അഭിപ്രായപ്പെട്ടു. പുതിയ ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ രൂപവും ഭാവവും ഏകപക്ഷീയമായി മാറ്റിയത് ഗ്രാമീണ ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കെതിരായ ആക്രമണമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാതെ ബിൽ പാസാക്കിയത് അപലപനീയമാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഇപ്പോൾ ബുൾഡോസ് ചെയ്തിരിക്കുകയാണെന്നും സോണിയ കൂട്ടിച്ചേർത്തു. ലോകത്തെ ആശങ്കിയിലാഴ്ത്തിയ കൊവിഡ് കാലത്ത് പോലും പാവങ്ങൾക്ക് ആശ്വാസമായിരുന്ന ഈ പദ്ധതിയെ ഇപ്പോൾ പൂർണമായി തകർത്തിരിക്കുകയാണ് മോദി സർക്കാർ. ഇനി തൊഴിൽ ആർക്ക് ലഭിക്കണം, എത്ര ദിവസം ജോലി ചെയ്യണം, എവിടെ ജോലി ചെയ്യണം, ഏത് തരം തൊഴിലെടുക്കണം എന്നിവയെല്ലാം തീരുമാനിക്കാനുള്ള അധികാരം സ്വന്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരായ അതിശക്തമായ പോരാട്ടം രാജ്യത്ത് ഉയർന്നുവരണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.


