
ബംഗ്ലൂരു : രാജ്യത്ത് കോണ്‍ഗ്രസിനെ കൂടി നിരോധിക്കേണ്ട സമയമായെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കട്ടീല്‍ ആരോപിച്ചു. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന സംഘടനകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിരോധിക്കുകയാണ് വേണ്ടതെന്നും കട്ടീല്‍ പറഞ്ഞു. രാജ്യത്തിന് ഭീഷണിയാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞതെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടു.
നളീന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടിയിട്ടും ഒന്നും ലഭിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രസ്താവനകളുമായി ബിജെപി രംഗത്തെത്തുന്നത് എന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് വാക്പോര്.
11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ, പ്രതികളെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ
അതിനിടെ, പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏർപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.
അതേ സമയം, എന്‍ഐഎ ദില്ലിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ അറസ്ററിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി നാളെ തീരും. പ്രതികളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഭീകരപ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ ആഭ്യന്തരമന്ത്രാലയം നിരോധിച്ച കാര്യം എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടും. നിലവിലെ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇനിയും കസ്റ്റഡിയില്‍ വേണമെന്നാകും എന്‍ഐഎ കോടതയില്‍ ആവശ്യപ്പെടുക. അതേസമയം കേസിലെ റിമാന്‍ഡ് റിപ്പോർട്ടും എഫ്ഐആർ പകർപ്പും നല്‍കണമെന്ന് പോപ്പുലർ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ആവശ്യപ്പെടും. കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ചാണ് രേഖകൾ പ്രതികൾക്ക് കോടതി നല്‍കാത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam