സീറ്റുകള്‍ നഷ്ടപ്പെടും; രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി

By Web TeamFirst Published Feb 16, 2020, 10:54 PM IST
Highlights

യുവനേതാക്കളായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുര്‍ജെവാലെ, ആര്‍ പി എന്‍ സിംഗ് എന്നിവരെ രാജ്യസഭയിലേക്കയക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ദില്ലി: രാജ്യസഭയില്‍ കോണ്‍ഗ്രസ് ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ 19 കോണ്‍ഗ്രസ് എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുമ്പോള്‍ പകരം 10 എംപിമാരെയാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ എത്തിക്കാനാകുക. ഒമ്പത് എംപിമാര്‍ കോണ്‍ഗ്രസിന് നഷ്ടമാകും. വരും മാസങ്ങളില്‍ 68 ഒഴിവുകളാണ് രാജ്യസഭയില്‍ ഉണ്ടാകുക. ഏപ്രില്‍, ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യസഭയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഒറ്റക്ക് ഭൂരിപക്ഷത്തിനടുത്തെത്തും. 51 സീറ്റുകളാണ് ഏപ്രിലില്‍ നികത്തേണ്ടത്. അഞ്ച് സീറ്റുകള്‍ ജൂണിലും 11 സീറ്റുകള്‍ നവംബറിലും നികത്തണം. 

കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, മധുസൂതന്‍ മിസ്ത്രി, കുമാരി സെല്‍ജ, ദിഗ് വിജയ് സിംഗ്, ബി കെ ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ തുടങ്ങിയവരുടെ എംപി കാലാവധി ഏപ്രിലില്‍ അവസാനിക്കും. വോറ, സെല്‍ജ, ദിഗ് വിജയ് സിംഗ് എന്നിവരെ വീണ്ടും കോണ്‍ഗ്രസ് രാജ്യസഭയിലെത്തിക്കും. അതേസമയം, യുവനേതാക്കളായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുര്‍ജെവാലെ, ആര്‍ പി എന്‍ സിംഗ് എന്നിവരെ രാജ്യസഭയിലേക്കയക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍  നിന്ന് രണ്ട് വീതം സീറ്റുകളും മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ സീറ്റ് വീതവുമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടും. രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ സഹായം തേടും. എഐഎഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളെയാണ് ബിജെപി നോട്ടമിടുന്നത്. 

രാജ്യസഭയില്‍ ബിജെപിക്ക് 82 അംഗങ്ങളെയും കോണ്‍ഗ്രസിന് 45 അംഗങ്ങളെയുമാണ് എത്തിക്കാന്‍ കഴിയുക. രാജ്യസഭയില്‍ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ പ്രാതിനിധ്യമെന്നതാണ് ബിജെപിക്ക് ആശ്വാസം. 31 എംപിമാരാണ് യുപിയില്‍ നിന്നുള്ളത്. മഹാരാഷ്ട്ര(19), തമിഴ്നാട്(18), ബംഗാള്‍(16) എന്നിവരാണ് തൊട്ടുപിന്നില്‍.  ഒഴിവ് വരുന്നവയില്‍ 10 സ്ഥാനവും യുപിയില്‍ നിന്നാണ്. 
 

click me!