
ദില്ലി:ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കാക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടേക്കും. ഗോവയിലേതടക്കം എസ്ഐആർ അട്ടിമറിക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അഭിപ്രായം ഉയർന്നതായാണ് വിവരം. ജിജി തോംസണിന്‍റെ വെളിപ്പെടുത്തലും കോൺഗ്രസ് ആയുധമാക്കും. ജിജി തോംസണെ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ക്ഷണിച്ചത് കടുത്ത വീഴ്ചയെന്നാണ് മല്ലികാർജുൻ ഖർഗെ വിമർശിച്ചത്. ബിജെപിയുടെ ഏജന്‍റാണെന്നതിന് മറ്റ് തെളിവ് വേണ്ടെന്നും ഖർഗെ വ്യക്തമാക്കി.
വിഷയത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന ഇന്ത്യ സഖ്യ യോഗത്തിൽ കൈക്കൊള്ളുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. അതിനിടെ, ആഗ്രയിലെ ഗ്യാനേഷ് കുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.
ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്ഐആറിനെതിരായ ഹർജികൾ കേട്ട സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി. പ്രതിഷേധം ശക്തമാകുമ്പോഴും വിവാദം തള്ളിക്കളയുന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ബിജെപിയും. ഇന്നലെ പാർട്ടിയുടെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തിറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam