
ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ തുടങ്ങി.
മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരമില്ലാതെ ജയിച്ചതായി ഒടുവിൽ പ്രഖ്യാപനം. ബിജെപി നേതാക്കളായ തരുൺ ചുഗ് ,രജനീഷ് അഗർവാൾ മഹേഷ് കേവാട്ട് എന്നിവരാണ് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
പത്രിക തള്ളിയതോടെ ഒരേ പാർട്ടിയിലെ മൂന്ന് പേർ മാത്രമാണ് മത്സരരംഗത്തുള്ളത് എന്ന് മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. കോടതി പരിഗണിക്കും വരെ ഫലം പ്രഖ്യാപിക്കരുതെന്നും സിംഗ്വി ആവശ്യപ്പെട്ടു. എന്നാൽ ഈക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. പിഴവുകൾ തീർത്ത് ഹർജി നൽകിയാൽ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപനം കോടതി തടയാതെയിരുന്നത് ബിജെപിക്ക് ഗുണമായി. ഇതോടെ കോൺഗ്രസ് നൽകിയ ഹർജി പരിഷ്കരിച്ച് തെരഞ്ഞെടുപ്പ് ഹർജിയാക്കേണ്ടി വരും. മധ്യപ്രദേശ് ഹൈക്കോടതിയെയാണ് സാധാരണ നിലയിൽ ഇക്കാര്യത്തിൽ ആദ്യം സമീപിക്കേണ്ടത്. നടപടി ജനാധിപത്യ വിരുദ്ധമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam