
ഹൈദരാബാദ്: തെലങ്കാന നിയമസഭയിൽ നിലനിൽപ്പ് പ്രതിസന്ധിയിലായി കോൺഗ്രസ്. ആകെയുളള പത്തൊന്‍പതില്‍ ,എട്ട് എംഎൽഎമാർ പാർട്ടി വിട്ട് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിലെത്തി. കോൺഗ്രസ് നിയമസഭാ കക്ഷിയെ ടിആർഎസുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎൽഎമാർ സ്പീക്കർക്ക് കത്ത് നൽകും.
തെലങ്കാനയിൽ 119 അംഗ സഭയിലേക്ക് നവംബറിൽ ജയിച്ചത് 19 കോൺഗ്രസുകാർ. 89 സീറ്റ് നേടി കൂറ്റൻ ജയം നേടിയ ടിആർഎസിന് മുന്നിൽ നിഷ്പ്രഭരായ തെലങ്കാന കോൺഗ്രസ് , ഉളള എംഎൽഎമാരെ പിടിച്ചുനിർത്താൻ പാടുപെടുകയാണ് ഇപ്പോൾ. ഏറ്റവുമൊടുവിൽ കോത്തഗുഡം എംഎൽഎ വനമ വെങ്കടേശ്വര റാവു ആണ് ടിആർഎസിനൊപ്പം പോയത്.
ഇതോടെ ഒരു മാസത്തിനിടെ കളംമാറിയ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം എട്ടായി. നാല് കോൺഗ്രസ് എംഎൽഎമാർ ടിആർഎസ് നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ കോൺഗ്രസിന്‍റെ ആശങ്കയേറ്റുന്നു. ചുരുങ്ങിയത് പന്ത്രണ്ട് എംഎൽഎമാരില്ലെങ്കിൽ നിയമസഭയിൽ പ്രധാനപ്രതിപക്ഷ പാർട്ടി പദവി നഷ്ടമാകും. ഇതിനോടകം സംഖ്യ പതിനൊന്നായി. കോൺഗ്രസ് നിയമസഭാ കക്ഷി ടിആർഎസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎൽഎമാർ സ്പീക്കർക്ക് കത്ത് നൽകാൻ തയ്യാറെടുക്കുകയാണ്.
മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടി മാറിയാൽ കൂറുമാറ്റ നിരോധന നിയമവും ബാധകമാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന്‍റെ ആത്മവിശ്വാസം തകർക്കുന്നതാണ് വിമത നീക്കങ്ങൾ. ടിഡിപിയുമായി മഹാസഖ്യം അവസാനിപ്പിച്ച കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗൂഢനീക്കം നടത്തുകയാണെന്ന് ആരോപിച്ച കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിടണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam