നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും

Published : Jan 08, 2026, 01:30 PM ISTUpdated : Jan 08, 2026, 01:33 PM IST
congress leaders

Synopsis

തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാന്‍ കോൺഗ്രസ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. 

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാന്‍ കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കും.

തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍  പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.

ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ദില്ലി ഇടപെടല്‍ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

നൂറിലധികം സീറ്റുകള്‍ യുഡിഎഫ്  ലക്ഷ്യമിടുമ്പോള്‍ 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിന്‍റേതടക്കം എഐസിസിക്ക് മുന്‍പിലുള്ള  സര്‍വേകള്‍ പ്രവചിക്കുന്നത്. ഘടകകക്ഷികളില്‍ ലീഗിന്‍റെ സ്ട്രൈക്ക് റേറ്റ് ഉയരാമെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ നേതാക്കളുടെ നിരയും കേരളത്തിലേക്കെത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കമുള്ള നേതാക്കളും പ്രചാരണത്തില്‍ സജീവമാകും. പരമാവധി മണ്ഡലങ്ങളില്‍ നേതാക്കളെ എത്തിക്കാനാണ് നീക്കം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കുറഞ്ഞ ചെലവിൽ ചികിത്സ നൽകിയിരുന്ന ക്ലിനിക്ക് അടക്കം പൊളിച്ചു': ഒഴിപ്പിക്കലിനെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഇലാഹി മസ്ജിദ് കമ്മിറ്റി
തൃണമൂൽ ഐടി മേധാവിയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്; പാഞ്ഞെത്തി മുഖ്യമന്ത്രി മമത, കടുത്ത പ്രതിഷേധം; ബംഗാളിൽ നാടകീയ രംഗങ്ങൾ