
ദില്ലി: വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം നടത്തുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, 25നോ 26നോ അങ്ങനെ ഒരു വാര്‍ത്താ സമ്മേളനം ക്രമീകരിച്ചിട്ടില്ലെന്ന് പിന്നീട് ബിജെപി തന്നെ വ്യക്തമാക്കി.
ഇതിന് പിന്നാലെ നരേന്ദ്ര മോദിയെ കണക്കറ്റ് കളിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മോദിയെ കൊണ്ട് വാര്‍ത്താ സമ്മേളനം നടത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വാര്‍ത്താ സമ്മേളനം നടത്താന്‍ മോദിക്ക് ഭയമാണെന്ന് രാഹുല്‍ ഗാന്ധി നിരവധി വട്ടം ആരോപിച്ചിരുന്നു.
ഏപ്രില്‍ രണ്ടിന് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം വാര്‍ത്താ സമ്മേളനം നടത്താന്‍ എന്തിന് ഭയക്കുന്നുവെന്ന് മോദിയോട് ചോദിക്കണമെന്നും മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞു. അതേസമയം, വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രിക സമർപ്പണം ആഘോഷം ആക്കാൻ ഒരുങ്ങുകയാണ് ബിജെപി.
ഇന്ന് വാരണാസിയിൽ മോദിയുടെ റോഡ് ഷോ നടക്കും. മോദി തരംഗം സുനാമി ആയി മാറും എന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ വാരണാസിയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ നഗരം ചുറ്റി ദശാശ്വമേധ ഘട്ടിൽ അവസാനിക്കും.
തുടർന്ന് ഗംഗ ആരതിയിലും മോദി സംബന്ധിക്കും. നാളെ 12 മണിക്കാണ് മോദി വാരണാസിയിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുന്നത്. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി ബിജെപി പ്രവര്‍ത്തകരെ കാണും. തുടർന്ന് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. യുപിയിൽ കടുത്ത മത്സരം നടക്കുമ്പോൾ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് മോദിയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam