മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു. കടബാധ്യത താങ്ങാനാവാതെയാണ് 18-കാരനും, ടാക്സി ഡ്രൈവറും, സിവിൽ കോൺട്രാക്ടറും ഉൾപ്പെടെയുള്ളവർ ജീവനൊടുക്കിയത്. സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ്: ഓൺലൈൻ ബെറ്റിംഗ് ആപ്പുകളിലും ഗെയിമുകളിലും പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ 18 വയസ്സുകാരനായ വിക്രം, ഒരു ലക്ഷം രൂപ ബെറ്റിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച് മരിച്ചു. വിക്രം ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഹൈദരാബാദിലെ ടാക്സി ഡ്രൈവറായ പാലഡുഗു സായി (24) ഓൺലൈൻ ബെറ്റിംഗ് മൂലം ഉണ്ടായ 15 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടർന്ന് ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈൻ ബെറ്റിംഗിന് അടിമയായിരുന്ന സായി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വൻതുക കടം വാങ്ങിയിരുന്നു. കൂടാതെ വിവിധ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ലോണുകളും എടുത്തിരുന്നു. കടം തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചതോടെ കീടനാശിനി കഴിച്ച ഇയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. 32 വയസ്സുകാരനായ സിവിൽ കോൺട്രാക്ടർ 'ഏവിയേറ്റർ' എന്ന ഓൺലൈൻ ഗെയിമിൽ ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കളി തുടരാനായി ഇയാൾ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നതായി വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


