
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മത്സരാർഥികളായിരുന്ന ശശി തരൂരും മല്ലികാർജുൻ ഖാർഗെയും മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയും അടുത്തടുത്തിരിക്കുന്ന ചിത്രം പുറത്തുവിട്ട് കോൺഗ്രസ്. ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചത്. അംബികാ സോണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ മുതിർന്ന നേതാക്കളെയും ചിത്രത്തിൽ കാണാം. മൂന്നു നേതാക്കളും സംസാരിച്ചിരിക്കുന്നതാണ് ചിത്രം. തരൂർ ചായ കുടിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്തും ഫലം വന്നതിന് ശേഷവും തരൂരിനെതിരേ രൂക്ഷപ്രതികരണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് ഇവരുടെ സംഭാഷണം സാകൂതം ശ്രദ്ധിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
കഴിഞ്ഞയാഴ്ചയായിരുന്നു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരത്തിൽ. മത്സരത്തിൽ ഖാർഗെ വിജയിച്ചു. ഖാർഗെ ഇന്നാണ് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തത്. മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ എത്തിയതിന് ശേഷമാണ് ഖാർഗെ സ്ഥാനമേറ്റെടുത്തത്. ഇടക്കാല പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധി സ്ഥാനമൊഴിയുകയും ചെയ്തു.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖർഗെ ചുമതലയേറ്റത്. എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും. അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിന്‍റെ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഒരു സാധാരണ പ്രവർത്തകന് ഇത്രയും വലിയ പദവി നൽകിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു. ശ്രേഷ്ഠരായ നേതാക്കൾ ഇരുന്ന പദവിയിലെത്തിയതിൽ അഭിമാനം. തൻ്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാർട്ടിക്ക് പ്രയോജനപ്പെടും. എല്ലാ പ്രവർത്തകരും ഒപ്പം നിൽക്കണം. ഉദയ്പൂർ ചിന്തൻ ശിബിരം പാർട്ടിക്ക് മുൻപോട്ടുള്ള ഊർജ്ജം നൽകും. കോൺസിൻ്റെ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് വലിയ നേട്ടമാകും. അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.