Rafale Deal | 'ജെപിസി അന്വേഷണം വേണം'; റഫാല്‍ വിവാദം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Nov 10, 2021, 3:50 PM IST
Highlights

റഫാല്‍ വിവാദം യുപിഎ സർക്കാരിനെതിരെ തിരിക്കാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നേരിട്ട് നടത്തിയ ഇടപാടില്‍ അഴിമതിയെന്ന ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിച്ചിരുന്നത്. 

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെ റഫാല്‍ വിവാദം (Rafale deal)  ശക്തിപ്പെടുത്താൻ കോണ്‍ഗ്രസ് (congress). മീഡിയപാര്‍ട്ടിന്‍റെ (mediapart) വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നീക്കം. റഫാല്‍ ഇടപാടിനെ കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും വീണ്ടും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. റഫാല്‍ വിവാദം യുപിഎ സർക്കാരിനെതിരെ തിരിക്കാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

പ്രധാനമന്ത്രി നേരിട്ട് നടത്തിയ ഇടപാടില്‍ അഴിമതിയെന്ന ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിച്ചിരുന്നത്. എന്നാല്‍ മീഡിയപാർട്ടിന്‍റെ പുതിയ വെളിപ്പെടുത്തലോടെ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആയുധമാക്കുന്നുവെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ചെറുത്ത് നില്‍പ്പ്. ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് കൈക്കൂലി നല്‍കിയത് 2007 - 2012 കാലത്താണെന്ന വെളിപ്പെടുത്തലിലാണ് ബിജെപി പ്രധാനമായും കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. 

വെളിപ്പെടുത്തലിന് പിന്നാലെ കമ്മീഷന്‍ വാങ്ങിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആരോപണം ബിജെപി ഉയർത്തി. എന്നാല്‍ ആദ്യഘട്ടത്തില്‍ വിഷയത്തില്‍ നിശബ്ദ പാലിച്ചത് കോണ്‍ഗ്രസ് പ്രതിരോധത്തിലായെന്ന പ്രതീതി സൃഷ്ടിച്ചുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യാക്രമണം ശക്തിപ്പെടുത്തുകായാണ് പാര്‍ട്ടി. വിവാദത്തില്‍ വീണ്ടും വെളിപ്പെടുത്തല്‍ വന്നതോടെ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുൻപ് വിഷയം സജീവമാക്കുയാണ് കോണ്‍ഗ്രസ്. അതേസമയം പുതിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും അന്വേഷണം നടത്താൻ ബിജെപി തയ്യാറല്ല. പാർലമെന്‍റില്‍ കോണ്‍ഗ്രസ് വിവാദം ഉയര്‍ത്തുകയാണെങ്കില്‍ യുപിഎ കാലത്തെ കൈക്കൂലി ഉയര്‍ത്തി നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്.

click me!