Asianet News MalayalamAsianet News Malayalam

Rafale Deal | റഫാല്‍ കരാര്‍; ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കി, തെളിവുമായി ഫ്രഞ്ച് മാധ്യമം

കൈക്കൂലി നൽകാൻ വ്യാജരേഖകൾ ഉപയോഗിച്ചു. തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

Mediapart says Dassault Aviation bribed for Rafale deal
Author
Delhi, First Published Nov 8, 2021, 3:39 PM IST

ദില്ലി: റഫാൽ കരാറിൽ (Rafale deal) പുതിയ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് (Mediapart). കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധ വിമാന കരാറില്‍ സുഷേൻ ഗുപ്തയെന്നയാള്‍ ഇടനിലക്കാരനായിരുന്നുവെന്ന് മീഡിയപാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് 7.5 മില്ല്യണ്‍ യൂറോ ദസോ ഏവിയേഷൻ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 

വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്‍റര്‍സ്റ്റെല്ലാ‍ർ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007 - 2012 കാലത്താണ് ഈ പണം ഇന്‍റർസ്റ്റെല്ലാറിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സുഷേൻ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബർ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കി. 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടർ ഇടപാടില്‍ പ്രതിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐടി കരാറുകള്‍ക്കായാണ് പണം നല്‍കിയതെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ദസോ ഏവിയേഷന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും മീഡിയപാർട്ട് വെളിപ്പെടുത്തി. അതേസമയം 2004 - 2013 കാലത്ത് 14 മില്യണ്‍ യൂറോ ദസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സർക്കാരിന് കരാ‌ർ പൂര്‍ത്തിയാക്കാൻ കഴിയാതെ പോയതാണോയെന്നും ബിജെപി പരിഹസിച്ചു.

Follow Us:
Download App:
  • android
  • ios