മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം; ഭരണഘടനയുടെ വാര്‍ഷിക ദിനാഘോഷ ചടങ്ങ് ബഹിഷ്‍കരിക്കാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Nov 26, 2019, 6:38 AM IST
Highlights

പാര്‍ലമെന്‍റ് വളപ്പിലെ അംബ്‍ദേകര്‍ പ്രതിമക്ക് അരികിലായിരിക്കും കോണ്‍ഗ്രസ് പ്രതിഷേധം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. 

ദില്ലി: മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം ഉയര്‍ത്തി ഇന്ന് പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിച്ച് ഭരണഘടനയുടെ സംരക്ഷണം ഉയര്‍ത്തി പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ലമെന്‍റ് വളപ്പിലെ അംബ്‍ദേകര്‍ പ്രതിമക്ക് അരികിലായിരിക്കും കോണ്‍ഗ്രസ് പ്രതിഷേധം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.  

ഇന്നലെ ലോക്സഭയിലെ പ്രതിഷേധത്തിനിടെ മാര്‍ഷൽമാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്ളക്കാര്‍ഡുമായി എത്തിയതിന് ടി എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മാര്‍ഷൽമാര്‍ കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി വനിത അംഗങ്ങളായ രമ്യഹരിദാസും ജ്യോതിമണിയും രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ആരംഭിക്കുക. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെുപ്പിന്‍റെ കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്ന തീരുമാനം നോക്കിയാകും ഇരുസഭകളിലെയും കോണ്‍ഗ്രസ് നീക്കം.

click me!