മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

By Web TeamFirst Published Nov 26, 2019, 6:16 AM IST
Highlights

വിശ്വാസവോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കോടതിയിൽ ഉയർത്തിയ വാദം. പ്രോടൈം സ്പീക്കറെ സുപ്രീം കോടതി തന്നെ നിയമിക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. 

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണം എന്നതിൽ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കോടതിയിൽ ഉയർത്തിയ വാദം. പ്രോടൈം സ്പീക്കറെ സുപ്രീംകോടതി തന്നെ നിയമിക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും മുതിർന്ന അംഗത്തെ പ്രോടൈം സ്പീക്കറാക്കാൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധിയും പ്രതിപക്ഷം മുന്നോട്ട് വച്ചു. അതേസമയം നിയമസഭയിൽ കൈകടത്താൻ കോടതിക്ക് അവകാശമില്ലെന്നായിരുന്നു ഫട്നാവിസിനുവേണ്ടി ഹാജരായ മുകുൾ റോത്തഗിയുടെ എതിർവാദം. 

അതേസമയം മഹാരാഷ്ട്രയിൽ 162 എംഎൽഎമാരെ അണിനിരത്തി ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തി. മുംബൈയിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ മുഴുവൻ എംഎൽഎമാരെയും കോൺഗ്രസും ശിവസേനയും എത്തിച്ചപ്പോൾ എൻസിപിയുടെ 51 എംഎൽഎമാരാണ് എത്തിയത്. 162 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് രാവിലെ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് വൈകിട്ട് സ്വകാര്യ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തിയത്. ശരത് പവാര്‍ ഉദ്ധവ് താക്കറെ സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമായിരുന്നു സത്യപ്രതിജ്ഞ. 

അധികാരത്തിനല്ല, സത്യം ജയിക്കാനുളള പോരാട്ടത്തിലാണെന്നും പിളര്‍ത്താന്‍ ശ്രമിക്കുംതോറും മഹാസഖ്യം ശക്തമാകുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ കുബുദ്ധി മഹാരാഷ്ട്രയില്‍ നടക്കില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. അതിനിടെ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍ത് 48 മണിക്കൂർ തികയും മുൻപ് മഹാരാഷ്ട്ര ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകളിൽ അജിത് പവാറിന് ക്ലീൻചിറ്റ് നൽകി.

ജലസേചന പദ്ധതിയുടെ മറവിൽ 70000 കോടിയുടെ അഴിമതി നടത്തിയതിന് രജിസ്റ്റർ ചെയ്ത 9 കേസുകളാണ് മഹാരാഷ്ട്ര അഴിമതി വിരുധ ബ്യൂറോ അവസാനിപ്പിക്കുന്നത്. എന്നാൽ ഈ കേസുകളിലൊന്നും അജിത് പവാർ പ്രതിയായിരുന്നില്ലെന്ന് അഴിമതി വിരുദ്ധ ബ്യൂറോ തലവൻ ന്യായീകരിച്ചു. എന്നാൽ കേസുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അജിത് പവാറിനെ ബിജെപി പാളയത്തിലെത്തിച്ചതെന്ന എതിരാളികളുടെ വാദത്തിന് ഇനി കരുത്ത് കൂടും. അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം എൻസിപി ഇപ്പോഴും തുടരുന്നുണ്ട്. 
 

click me!