
ദില്ലി: അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്. നെഹ്റു കുടുംബത്തിലെ ആരും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് രാഹുല്‍ ഉറപ്പിച്ചതോടെ യുവനേതാക്കളെയടക്കം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃതലത്തിലെ പ്രതിസന്ധി കോണ്‍ഗ്രസിന് മുമ്പില്‍ വെല്ലുവിളിയാകും.
എന്നാല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്നും ഇപ്പോഴത്തെ സാഹചര്യം ഒരു വെല്ലുവിളിയായി പാർട്ടി ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തയാഴ്ച പ്രവര്‍ത്തക സമിതി ചേരുന്നത് വരെ താല്‍ക്കാലിക അധ്യക്ഷനുണ്ടാകുമെന്നും അത് ആരെന്ന് ഇന്നറിയാമെന്നും പി സി ചാക്കോ അറിയിച്ചു.നേതാക്കള്‍ മാറിയതുകൊണ്ട് കാര്യമില്ല, പ്രവര്‍ത്തന ലൈശി കൂടി മാറണമെന്നാണ് രാഹുല്‍ രാജിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പി സി ചാക്കോ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകള്‍ ഇപ്പോൾ സുശീല്‍കുമാര്‍ ഷിന്‍ഡെ, മല്ലികാർജ്ജുന ഖാര്‍ഗെ എന്നീ നേതാക്കളിലാണ് എത്തിനില്‍ക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ നെഹ്റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്.
യുപിഎ സര്‍ക്കാരുകളില്‍ റെയില്‍വേ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ സോണിയ ഗാന്ധിയുടെ വിശ്വസ്തരിലൊരാളാണ്. യുവത്വം നയിക്കണമെന്നാണ് തീരുമാനമെങ്കില്‍ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാര്‍ക്കെങ്കിലും നറുക്ക് വീണേക്കും എന്നും സൂചനയുണ്ട്.