കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Feb 14, 2021, 4:44 PM IST
Highlights

'റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം. പക്ഷേ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരും ദില്ലിയുമാണ്. ഇത് പോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസം ജനതക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല'.
 

ശിവസാഗര്‍(അസം): കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്നും ഒരിക്കലും സിഎഎ നടപ്പാക്കില്ലെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. അസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്. 

'ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സ്വന്തം മുഖ്യമന്ത്രിയാണ് അസമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ദില്ലിയില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. അസം ജനതയുടെ യോജിപ്പ് സമാധാനം കൊണ്ടുവരും. അസം ജനതയുടെ യോജിപ്പ് താനും തന്റെ പാര്‍ട്ടിയും സംരക്ഷിക്കും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റം അസമില്‍ ഒരു പ്രശ്‌നമാണ്. പക്ഷേ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസമിന് കഴിയും. ആര്‍എസ്എസും ബിജെപിയും അസമിനെ വിഘടിക്കാന്‍ ശ്രമിക്കുകയാണ്. അസം വിഘടിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ അസമിനെയും രാജ്യത്തെയുമാണത് ബാധിക്കുക'- രാഹുല്‍ ഗാന്ധി പറഞ്ഞു. അസമിന്റെ പാരമ്പര്യമായ ഗമോച്ച സ്‌കാര്‍ഫ് അണിഞ്ഞാണ് രാഹുല്‍ പൊതുറാലിയെ അഭിസംബോധന ചെയ്തത്. 

റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം. പക്ഷേ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരും ദില്ലിയുമാണ്. ഇത് പോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസം ജനതക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. തങ്ങള്‍ക്ക് ജോലി നല്‍കുന്ന മുഖ്യമന്ത്രിയെയാണ് യുവതക്ക് ആവശ്യമെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരുടെ അടുത്തയാളാണെന്നും രാഹുല്‍ ആരോപിച്ചു.

'ഹം ദോ, ഹമാരെ ദൊ; അസം കേലിയെ ഹമാരെ ഔര്‍ ദൊ, ഔര്‍ സബ് കുച്ച് ലൂട്ട് ലോ' എന്ന പുതിയ മുദ്രാവാക്യവും അസമിനായി രാഹുല്‍ ഉയര്‍ത്തി. സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങള്‍ വന്‍കിട മുതലാളിമാര്‍ക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ഭരണകാലത്താണ് അസമില്‍ കലാപം അവസാനിച്ച് സമാധാനം കൊണ്ടുവന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു.
 

click me!