കോണ്‍ഗ്രസ് പിന്മാറി; വോട്ടെടുപ്പിന് മുൻപേ ബാരാമതിയിൽ ജയം ഉറപ്പിച്ച് സുനേത്ര പവാർ, ഉപമുഖ്യമന്ത്രിയായി തുടരും

Published : Apr 09, 2026, 04:34 PM IST
sunetra pawar

Synopsis

അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ ബാരാമതി ഉപതെരഞ്ഞെടുപ്പിൽ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇതോടെ സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തുടരും.

മുംബൈ: ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്‍റെ ഭാര്യയുമായ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെയാണിത്. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ അപകടത്തിൽ അജിത് പവാർ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പവാറിനോടുള്ള ആദരസൂചകമായി ഏപ്രിൽ 23-ന് നടക്കാനിരുന്ന വോട്ടെടുപ്പിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.

മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. അജിത് പവാറിന്റെ ദാരുണമായ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി കോൺഗ്രസ് മത്സരിക്കുന്നില്ല എന്നാണ് ചെന്നിത്തല അറിയിച്ചത്. നേരത്തെ അഭിഭാഷകനായ ആകാശ് മോറെയെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ, സ്ഥാനാർത്ഥിയെ പിൻവലിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്‌കലുമായി ചർച്ച നടത്തിയിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ശരദ് പവാർ വിഭാഗവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി ഉപതെരഞ്ഞെടുപ്പ് എതിരില്ലാതെ നടത്തുന്നതാണ് ഉചിതമെന്ന് ശരദ് പവാറും സുപ്രിയ സുലെയും നിർദ്ദേശിച്ചു. അജിത് പവാർ മുമ്പ് കോൺഗ്രസിനൊപ്പമായിരുന്നത് ചൂണ്ടിക്കാട്ടി എൻസിപി നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ഉച്ചയോടെയാണ് കോൺഗ്രസ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ശിവസേന ഉദ്ധവ് പക്ഷവും സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന നിലപാടെടുത്തു.

സ്ഥാനാർത്ഥിയെ പിൻവലിച്ചെങ്കിലും അജിത് പവാറിന്റെ മരണത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 1991 മുതൽ അന്തരിക്കുന്നത് വരെ അജിത് പവാർ ജയിച്ച ബാരാമതി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യയിലൂടെ തുടർച്ചയുണ്ടാവുകയാണ്. ഇതോടെ മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദോശമാവിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ല? അന്വേഷണത്തിൽ ട്വിസ്റ്റ്; മരിച്ച 2 കുഞ്ഞുങ്ങളുടെ കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിന് സംശയം
നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഐആര്‍ ഇഫക്ട്; ഉച്ചവരെ പോളിംഗിൽ മുന്നിൽ അസം