
ദില്ലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാര്‍ട്ടി എം എ ല്‍എയുടെ ട്വീറ്റ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനായി കോൺഗ്രസ് തയ്യാറെടുപ്പുകൾ ഒന്നും നടത്തില്ലെന്ന വിമർശനമാണ് എ എ പി എം എൽ എ നരേഷ് ബല്യാണ്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസ് 3024 ലെ തെരഞ്ഞെടുപ്പിനായാണ് ഒരുങ്ങുന്നതെന്നും എം എല്‍ എ നരേഷ് ബല്യാണ്‍ വിമർശിച്ചു. ഇന്ത്യ യോഗം കോണ്‍ഗ്രസ് കൃത്യമായി നടത്തുന്നില്ലെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കമില്ലെന്നും നരേഷ് ബല്യാണ്‍ ട്വീറ്റിൽ ചൂണ്ടികാട്ടി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കും എ എ പി എം എൽ എയുടെ വക പരിഹാസമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര കേവലം വിനോദയാത്രയാണെന്നാണ് നരേഷ് ബല്യാണ്‍ പരിഹസിച്ചത്. എന്നാൽ വലിയ വിവാദമായതോടെ നരേഷ് ബല്യാണ്‍ ട്വീറ്റ് പിൻവലിച്ചു. വിഷയത്തോട് എ എ പി നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ബിഹാർ രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും ജെ ഡി യുവും 'ഇന്ത്യ' സഖ്യം വിട്ട് എൻ ഡി എയിലേക്ക് മടങ്ങിപോകുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് രാജ്യശ്രദ്ധ ബിഹാറിലേക്ക് നീങ്ങിയത്. 'ഇന്ത്യ' സഖ്യം ജെ ഡി യു ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയതോടെ ഫൈനൽ ലാപ്പിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. അതിനിടെ ബിഹാറിലെ സ്ഥിതികഗതികൾ നിരീക്ഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ. ബിഹാറിലെ നിലവിലെ സാഹചര്യം അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നീ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയിട്ടുണ്ട്.