'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി

Published : Dec 25, 2025, 12:16 PM IST
illicit relations and murder

Synopsis

19 വർഷം മുൻപ് വിദ്യാർഥിനിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപകനെ പിരിച്ചുവിട്ട നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. 

ലഖ്നൗ: അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും അതേസമയം അധ്യാപകനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണെന്നും അലഹബാദ് ഹൈക്കോടതി. 19 വർഷം മുമ്പ് പ്രയാഗ്‌രാജിലെ മോട്ടിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഎൻഎൻഐടി) അധ്യാപകൻ തന്റെ വിദ്യാർത്ഥിയുമായി ഉഭയസമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്. പിരിച്ചുവിട്ട നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഒരു അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങൾ ഹർജിക്കാരൻ പാലിച്ചിട്ടില്ലായിരിക്കാം. പക്ഷേ 2006 ൽ അദ്ദേഹത്തിന് ചുമത്തിയ പിരിച്ചുവിടൽ എന്ന കഠിനമായ ശിക്ഷ അനുപാതരഹിതമാണെന്ന് ജസ്റ്റിസ് ഷംഷെരി നിരീക്ഷിച്ചു. 1997 നും 2000 നും ഇടയിൽ മാസ്റ്റേഴ്സ് കോഴ്‌സ് പൂർത്തിയാക്കിയ മുൻ വിദ്യാർത്ഥിനി 2003ൽ നൽകിയ പരാതിയെത്തുടർന്ന് എംഎൻഎൻഐടി അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പഠിച്ച കാലത്ത് അധ്യാപകൻ തന്നെ വൈകാരികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായും നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വിട്ട് മൂന്ന് വർഷത്തിന് ശേഷവും അധ്യാപകൻ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷവുമാണ് പരാതി നൽകിയത്. ബലാത്സംഗ ആരോപണങ്ങളിൽ എംഎൻഎൻഐടി രൂപീകരിച്ച അഞ്ചംഗ കമ്മിറ്റി സംശയം പ്രകടിപ്പിക്കുകയും പരാതി നൽകാൻ വൈകിയ സമയത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

 തുടർന്ന്, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് അധ്യാപകൻ സമ്മതിച്ചു. എന്നാൽ അത് പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിട്ടതിനുശേഷവും ബന്ധം തുടർന്നുവെന്നും വാദിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അധാർമിക പെരുമാറ്റവും ഭാവിയിൽ ദുരുപയോഗം ഉണ്ടാകുമെന്ന ആശങ്കയും ചൂണ്ടിക്കാട്ടി 2006 ഫെബ്രുവരി 28 ന് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തെ പിരിച്ചുവിട്ടു. തുടർന്നാണ് അധ്യാപകൻ കോടതിയെ സമീപിച്ചത്.

അധ്യാപകന് വിശ്വാസവും അധികാരവുമുള്ള ഒരു സ്ഥാനം ഉണ്ടെന്നും വിദ്യാർത്ഥിയുമായുള്ള ഇത്തരം അടുപ്പവും ബന്ധവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ധാർമ്മിക ഘടനയെ തകർക്കുന്ന ഗുരുതരമായ ദുഷ്‌പെരുമാറ്റമാണെന്നും ഹർജിയെ എതിർത്ത് എംഎൻഎൻഐടി അധികൃതർ വാദിച്ചു. എന്നാൽ, മത വ്യത്യാസങ്ങളും മാതാപിതാക്കളുടെ എതിർപ്പും കാരണം കക്ഷികൾ തമ്മിലുള്ള വിവാഹനിശ്ചയം പരാജയപ്പെട്ടതാണ് പരാതിക്ക് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നൽകുമെന്ന വ്യാജ വാഗ്ദാനത്തിൽ നിന്ന് ഉടലെടുത്ത തർക്കത്തിന്റെ പരിധിയിൽ ആരോപണങ്ങൾ വരാമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ നിർബന്ധിത ശാരീരിക ബന്ധത്തിന്റെ ആരോപണം വിശ്വസനീയമല്ല.

ഭാവിയിൽ ഉണ്ടാകാവുന്ന ദുഷ്‌പ്രവൃത്തികളെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ ശിക്ഷ പ്രധാനമായും ചുമത്തിയിരിക്കുന്നതെന്നും ആവർത്തിച്ചുള്ളതോ തുടർച്ചയായതോ ആയ ലംഘനങ്ങളുടെ പേരിലല്ലെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ പെരുമാറ്റം ഒരു അധ്യാപകന്റെ ധാർമ്മിക പ്രതീക്ഷകൾക്ക് അനുസൃതമല്ലെന്ന് സമ്മതിച്ച കോടതി, കേസ് പിരിച്ചുവിടാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു