മങ്കിപോക്സ് ലക്ഷണങ്ങളുമായി രണ്ട് പേർ യുപിയിൽ ചികിത്സയിൽ

Published : Jul 27, 2022, 05:29 PM ISTUpdated : Jul 27, 2022, 05:45 PM IST
മങ്കിപോക്സ് ലക്ഷണങ്ങളുമായി രണ്ട് പേർ യുപിയിൽ ചികിത്സയിൽ

Synopsis

ഇരുവരുടേയും സാംപിളുകൾ മങ്കിപോക്സ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

ഗാസിയാബാദ്: ഉത്തർപ്രദേശിൽ മങ്കി പോക്സ് ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സയിൽ. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ദില്ലി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളിൽ പത്ത് കിടക്കകൾ മങ്കിപോക്സ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. 

മങ്കി പോക്‌സ് ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം എന്ന് ദില്ലിയിലെ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് നേരത്തെ നിർദേശം നൽകിയിരുന്നു. മങ്കി പോക്സെന്ന് സംശയിക്കുന്ന രോഗികളെ ഉടൻ എൽ എൻ ജെ പി  ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റണം എന്നായിരുന്നു നിർദേശം. വിദേശയാത്ര ചെയ്തിട്ടില്ലാതെ യുവാവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി. 

രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസായിരുന്നു ഇത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. ഇക്കാര്യം മങ്കിപോക്സുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആശങ്ക വർധിക്കാൻ കാരണമായി. മൂന്ന് ദിവസം ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ് രോഗം സ്ഥീരീകരിച്ചത്. യുവാവിനെ ചികിത്സച്ചവർ അടക്കം നിലവിൽ നീരീക്ഷണത്തിലാണ്. 

ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്തതും വിദേശ യാത്ര നടത്താത്ത ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

നാല് പതിറ്റാണ്ട് ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടർന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്‍റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. 

ഇതുവരെ ലോകത്ത് ആകെ അഞ്ച് മങ്കിപോക്സ്‌ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മങ്കിപോക്സിനെ  ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിച്ചത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പിൽ ഡബ്ല്യുഎച്ച്ഒ ലോകരാജ്യങ്ങളോട് മൂന്ന് അഭ്യർത്ഥനകൾ നടത്തി. രോഗത്തെ നേരിടാൻ കൃത്യവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് തടയാൻ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഏർപ്പെടുത്തണം. പരിശോധനയ്ക്കും ചികിത്സയ്ക്കും രോഗ സാധ്യതയുള്ളവരിൽ പ്രതിരോധ വാക്സിനേഷന്‍ സംവിധാനം വേണം. 

പലവട്ടം നടന്ന കൂടിയാലോചനകൾക് ഒടുവിൽ നിർണായക തീരുമാനം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ഇനിയങ്ങോട്ട് ജാഗ്രതയുടെ നാളുകളാണ്. യൂറോപ്യൻ രാജ്യങ്ങളിൽ രോഗം പകർന്ന വേഗത വെച്ച് നോക്കുമ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സുപ്രധാന രോഗപ്രതിരോധ നടപടികളിലേക്ക് കടക്കേണ്ട കാലമായി എന്നർത്ഥം

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന